രേണുക വേണു|
Last Modified ശനി, 10 ജൂലൈ 2021 (12:39 IST)
ജൂഡ് ആന്തണി സംവിധാനം ചെയ്ത സാറാസിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. ഭ്രൂണഹത്യയെ വലിയ കാര്യമായി ചിത്രീകരിച്ചിരിക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഭ്രൂണഹത്യ പാപമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമ ചെയ്തത് ശരിയായില്ലെന്നും ജൂഡിനോട് വിമര്‍ശകര്‍ പറയുന്നു. എന്നാല്‍, താന്‍ ഗര്‍ഭിണിയാകണോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണെന്നും സ്വന്തം മാനസികാവസ്ഥ ശരിയല്ലെങ്കില്‍ അബോര്‍ഷന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നും സിനിമയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
എല്ലാവരും പോയി അബോര്‍ഷന്‍ ചെയ്യണമെന്നൊന്നുമല്ല സിനിമ പറയുന്നതെന്ന് സാറാസിന്റെ തിരക്കഥാകൃത്ത് അക്ഷയ് ഹരീഷ് പറഞ്ഞു. സിനിമ പറയുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക എന്നതാണ്. ഈ നാട്ടിലെ നിയമം ലംഘിക്കാത്തിടത്തോളം, ഒരു ക്രൈം ചെയ്യാത്തിടത്തോളം വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കണം. വിഷയത്തിലുള്ള അറിവില്ലായ്മയാണ് ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നും അക്ഷയ് ഹരീഷ് പറഞ്ഞു. ഫില്‍മിബീറ്റ്‌സ് മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് ഹരീഷ് ഇക്കാര്യം പറഞ്ഞത്.
അതേസമയം, സാറാസിന്റെ പ്രമേയത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭ്രൂണഹത്യ കൊലപാതകമാണെന്നും സാറാസ് നല്‍കുന്ന സന്ദേശം സമൂഹത്തെ വഴിതെറ്റിക്കുമെന്നും കെ.സി.വൈ.എം. വിമര്‍ശിച്ചു. സിനിമ നല്‍കുന്ന സന്ദേശം നന്മയുടേതായിരിക്കണം. ഒരു ജീവനേക്കാള്‍ വലുതായിരുന്നോ ജീവിതലക്ഷ്യമെന്നും പല കെ.സി.വൈ.എം. യൂണിറ്റുകളും തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ക്രൈസ്തവ സംഘടനകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് മറുപടി നല്‍കി. 'സത്യക്രിസ്ത്യാനി എന്ന് കാണിക്കാന്‍ ഒന്നും ചെയ്യണ്ട. കര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കി അതിലെ നന്മകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മതി. എന്ന്
കര്‍ത്താവില്‍ വിശ്വസിക്കുന്ന, അഭിമാനിക്കുന്ന ജൂഡ്' എന്നാണ് സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.