കെ ആര് അനൂപ്|
Last Modified ശനി, 20 ഏപ്രില്‍ 2024 (11:24 IST)
39 വര്‍ഷമായി തുടരുന്ന പുകവലി നിര്‍ത്തിയെന്ന് സലിംകുമാര്‍. പതിനഞ്ചാമത്തെ വയസ്സില്‍ തുടങ്ങിയ പുകവലി 54-ാം വയസ്സില്‍ ഉപേക്ഷിച്ചു. മൂന്ന് മാസമായി താന്‍ പുകവലിക്കാറില്ലെന്ന് സലിം കുമാര്‍ പറയുന്നു. താന്‍ സിഗരറ്റ് വലിക്കുന്ന ആള് ആയതുകൊണ്ട് മയക്കുമരുന്നിനെതിരായ ഒരു പരിപാടിക്ക് പ്രതിജ്ഞ ചെയ്യാന്‍ പോവാതിരുന്ന അനുഭവത്തെക്കുറിച്ച് സലിംകുമാര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. മീര അനിലിന് നല്കിയ അഭിമുഖത്തിലാണ് തന്റെ പുതിയ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.
പുകവലി കുറവുണ്ടോ എന്ന മീരയുടെ ചോദ്യത്തിന് ഇല്ല, ഇപ്പോള്‍ നിര്‍ത്തി എന്നാണ് സലിംകുമാര്‍ മറുപടി നല്‍കിയത്. എത്ര നാളായി വലിച്ചിട്ട് എന്ന് അവതാരക ചോദിച്ചപ്പോള്‍ മൂന്നുമാസമായി എന്നാണ് സലിം പറയുന്നത്. 15 വയസ്സില്‍ തുടങ്ങിയ പുകവലിയാണെന്നും ഇപ്പോള്‍ തനിക്ക് 54 വയസ്സായെന്നും 39 വര്‍ഷത്തെ കൂട്ടുകാരനാണ് ഒരു സുപ്രഭാതത്തില്‍ വേണ്ടെന്ന് വെക്കുന്നതെന്നും സലിംകുമാര്‍ പറഞ്ഞു.
ഗായത്രി സുരേഷ് ശ്വേതാ മേനോന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങള്‍ ആകുന്ന പുതിയ ചിത്രമാണ് ബദല്‍ (ദി മാനിഫെസ്റ്റോ). ഈ ചിത്രത്തിലാണ് സലിം കുമാറിനെ ഒടുവിലായി കണ്ടത്.അജയന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു സിനിമ.