'ഏറ്റവും ഇഷ്ടമായത് ക്ലൈമാക്സ്,അതില്‍ എല്ലാമുണ്ട്- ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്.';പാല്‍തു ജാന്‍വര്‍ റിവ്യൂവുമായി കെ എസ് ശബരിനാഥന്
കെ ആര് അനൂപ്|
Last Modified ശനി, 3 സെപ്റ്റംബര്‍ 2022 (14:54 IST)
രണ്ട് ദിവസം മുമ്പ് തിയേറ്ററില്‍ എത്തിയ ബേസില്‍ ജോസഫ് ചിത്രം പാല്‍തു ജാന്‍വര്‍ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്.
കെ എസ് ശബരിനാഥന്റെ വാക്കുകള്‍
പാല്‍തു ജാന്‍വര്‍ ഒരു സുന്ദരമായ ചലച്ചിത്രമാണ്. കണ്ണൂര്‍ കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ഒരു ചിത്രം. ഇവിടെ വന്നു ചേരുന്ന ബേസിലിന്റെ കഥാപാത്രത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ 'coming of age' മോഡലില്‍ അവതരിപ്പിക്കുന്നു.
കുടിയാന്മലയിലെ മനുഷ്യരെല്ലാരും മഹത്വമുള്ളവരും ഗ്രാമീണത തുളുമ്പുന്നവരല്ല, എല്ലാവരും നമ്മുടെ ചുറ്റും കാണുന്ന ഒത്തിരി സ്നേഹവും ഒരല്പം പരിഭവവും ചെറിയ കുശുമ്പൊക്കെയുള്ള സാധാരണക്കാര്‍. എന്നാല്‍ ഒരു പ്രതിസന്ധി വരുമ്പോള്‍ അവിടെയുള്ളവരെല്ലാം ഒന്നിക്കുന്ന ആ ബിബ്ലിക്കല്‍ (biblical) രംഗം മനോഹരമാണ്.ജന്‍ഡര്‍ ന്യൂട്രലിന്റെ ചര്‍ച്ചകള്‍ നടക്കുന്ന ഈ കാലത്ത് ഒരു കൂട്ടം പുരുഷന്മാര് പിറവിക്കുവേണ്ടി അദ്ധ്വാനിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്.
സംവിധായകന് സംഗീത് രാജനും എഴുത്തുകാരായ വിനോയ് തോമസും അനീഷ് അഞ്ജലിയും പ്രശംസ അര്‍ഹിക്കുന്നു.ബേസിലും ഇന്ദ്രന്‍സ് ചേട്ടനും ജോണി ആന്റണിയും ഷമ്മി തിലകനും എല്ലാവരും ഒന്നാംതരമായി അഭിനയിച്ചിട്ടുണ്ട്. ടെക്നിക്കല്‍ വിഭാഗവും മികവുറ്റതാണ്.കൂടുതല്‍ പറഞ്ഞാല്‍ സ്പോയിലറാകും,അതുകൊണ്ടു നീട്ടുന്നില്ല.
സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ക്ലൈമാക്സ് ഷോട്ടാണ്. അതില്‍ എല്ലാമുണ്ട്- ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്.... എല്ലാവരും ചിത്രം മുന്‍വിധിയില്ലാതെ കാണുക, ആസ്വദിക്കുക.
ഭാവന സ്റ്റുഡിയോസിന്റെ എല്ലാ ചിത്രങ്ങളും മലയാളത്തില്‍ പുതിയ നാഴികകല്ലുകള്‍ സൃഷ്ടിക്കുകയാണ്. 1980കളില്‍ സുപ്രിയ പിക്ചര്‍സും ഗാന്ധിമതി ഫിലിംസും ഗൃഹലക്ഷമി പ്രൊഡക്ഷനും പോലെ.... ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദിനും കൂട്ടര്‍ക്കും ഇനിയും മലയാള ചലചിത്രത്തിന്റെ വ്യാകരണം തിരുത്താന്‍ കഴിയട്ടെ..