അഭിറാം മനോഹർ|
Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (16:27 IST)
മലയാളത്തിന്റെ അതിരുകള്‍ കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. തമിഴില്‍ വിക്രത്തിലൂടെ വലിയ ജനപ്രീതി നേടിയ ഫഹദ് തെലുങ്കിലൂടെ തെലുങ്ക് പ്രേക്ഷകരെയും കയ്യിലെടുത്തു. ഇംതിയാസ് അലി ചിത്രത്തിലൂടെ ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ ഫഹദ് തയ്യാറെടുക്കുമ്പോള്‍ ഫഹദിനെ പറ്റി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
വേടയ്യന്‍ എന്ന രജനീകാന്ത് സിനിമയിലേക്ക് ഫഹദ് എത്തിയതും സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ഫഹദുമായുണ്ടായ അനുഭവങ്ങളാണ് രജനീകാന്ത് പങ്കുവെച്ചത്. വേട്ടയ്യന്‍ എന്ന സിനിമയില്‍ ഒരു എന്റര്‍ടൈയ്‌നര്‍ ക്യാരക്ടറിനായാണ് ഫഹദ് ഫാസിലിനെ തീരുമാനിച്ചത്. ആര്‍ട്ടിസ്റ്റുകളെ തീരുമാനിക്കുന്നത് എന്നോട് പറയേണ്ട കാര്യമില്ല. എങ്കിലും ഫഹദിനെയാണ് മനസില്‍ കാണുന്നതെന്നും ആ വേഷം ഫഹദ് ചെയ്താലെ ശരിയാകു എന്നുമാണ് പിന്നണിപ്രവര്‍ത്തകര്‍ പറഞ്ഞത്.
എനിക്കിത് കേട്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. കാരണം ഫഹദിന്റെ 2 സിനിമകളാണ് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നത്. മാമന്നനും വിക്രമും. ഈ രണ്ട് സിനിമകളിലും വളരെ സീരിയസ് സ്വഭാവമുള്ളതും വില്ലന്‍ സ്വഭാവമുള്ളതുമായ കഥാപാത്രങ്ങളാണ്. വേട്ടയ്യനില്‍ കോമഡിയൊക്കെ ചേര്‍ന്ന റോളാണ് ഫഹദിനുള്ളത്. അതെങ്ങനെ ശരിയാകുമെന്നാണ് ഞാന്‍ ചിന്തിച്ചത്. ഇക്കാര്യം ഞാന്‍ പങ്കുവെച്ചപ്പോള്‍ സാര്‍ അയാളുടെ മലയാള പടങ്ങള്‍ കാണണം, വേറെ ലെവല്‍ ആര്‍ട്ടിസ്റ്റാണ് എന്നാണ് പറഞ്ഞത്.
പിന്നീട് എനിക്കത് മനസിലായി. ഇങ്ങനെയൊരു നാച്ചുറല്‍ ആര്‍ട്ടിസ്റ്റിനെ കാണാനാകില്ല. ഞാന്‍ ഇതുവരെ കണ്ടിട്ടുമില്ല. ഷോട്ടില്ലാത്ത സമയത്ത് അദ്ദേഹത്തെ കാണാന്‍ പോലും കിട്ടാറില്ല. കാരവാനില്‍ ഇരിക്കുന്നതും കണ്ടിട്ടില്ല, ഷോട്ട് റെഡിയാകുമ്പോള്‍ എവിടെന്നെങ്കിലും ഓടിയെത്തും. പെട്ടെന്ന് ഷോട്ട് തീര്‍ത്ത് പോവുകയും ചെയ്യും. അസാധ്യ അഭിനയമാണ് അദ്ദേഹം ചെയ്യുന്നത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസിലാകും. വേട്ടയ്യന്‍ സിനിമയ്ക്ക് മുന്നോടിയായുള്ള ഓഡിയോ ലോഞ്ചിനിടെ രജനീകാന്ത് പറഞ്ഞു.