അഭിറാം മനോഹർ|
Last Modified ഞായര്, 16 ഒക്ടോബര് 2022 (11:06 IST)
മലയാളികളുടെ പ്രിയനായകൻ പൃഥ്വിരാജ് സുകുമാരന് ഇന്ന് നാല്പതാം പിറന്നാൾ. 20 വർഷങ്ങൾക്ക് മുൻപെത്തിയ നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കമിട്ടതെങ്കിലും നന്ദനമാണ് താരത്തിൻ്റെ ആദ്യം പുറത്തിറങ്ങിയ ചിത്രം.
തുടർന്ന് മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിലെല്ലാം വെന്നികൊടി പറത്തിയ പൃഥ്വി ഇന്നിപ്പോൾ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനും സംവിധായകനും നിർമാതാവുമെല്ലാമാണ്. അഭിനയജീവിതത്തിൽ 20 വർഷം പൂർത്തിയാക്കുന്നതിനിടെയാണ് തൻ്റെ സ്റ്റാമ്പ് നിർമാതാവ്,
സംവിധായകൻ എന്ന നിലകളിലും പൃഥ്വിരാജ് പതിപ്പിച്ചത്. ഇന്ന് മലയാള സിനിമയുടെ വാണിജ്യം മറ്റൊരു രീതിയിലേക്ക് ഉയർത്താൻ പദ്ധതിയിടുമ്പോൾ ആ പദ്ധതികൾക്കെല്ലാം കടിഞ്ഞാൺ വലിക്കുന്നത് പൃഥ്വിയാണ്.
സംവിധായകൻ എന്ന നിലയിലും നായകനെന്ന നിലയിലും ഇന്ത്യയൊന്നാകെ അറിയപ്പെടാൻ പോകുന്ന നിരവധി ചിത്രങ്ങളാണ് പൃഥ്വിയുടേതായി പുറത്തിറങ്ങാനുള്ളത്. നായകനെന്ന നിലയിൽ നീണ്ട നാല് വർഷത്തെ പ്രയത്നത്തിന് ശേഷമെത്തുന്ന ആടുജീവിതം പൃഥ്വി എന്ന അഭിനേതാവിൻ്റെ മാറ്റ് അളക്കുന്ന സിനിമയാകും. താരമെന്ന നിലയിൽ കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീലിൻ്റെ സലാറിൽ വലിയൊരു കഥാപാത്രമായി പൃഥ്വി എത്തും.
കെജിഎഫിന് ശേഷം ഹൊംബാളെ നിർമിക്കുന്ന ടൈസൺ എന്ന ചിത്രത്തിൽ ഒരേസമയം സംവിധായകനായും നായകനായും പൃഥ്വി ഭാഗമാകും. കൂടാതെ ബിസ്ക്കറ്റ് രാജാവ് രാജൻ പിള്ളയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ബിസ്കറ്റ് കിങ് എന്ന വെബ്സീരീസ്, പിരീഡ് ഡ്രാമയായ കാളിയൻ എന്നിവയെല്ലാം പൃഥ്വിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.
സംവിധായകനെന്ന നിലയിൽ മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ, ഹൊംബാളെ പ്രൊഡക്ഷൻസിൻ്റെ കീഴിൽ പൃഥ്വി ഒരുക്കുന്ന ടൈസൺ എന്നീ സിനിമകളാണ് ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്.