മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറം പ്രശസ്തമാക്കിയ അതുല്യ പ്രതിഭ; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

രേണുക വേണു| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (10:57 IST)

സപ്തതി ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറം പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് പിണറായി പറഞ്ഞു.

പിണറായി വിജയന്റെ വാക്കുകള്‍

പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം.

ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്‍ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാര്‍ഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അദ്ദേഹം സമ്മാനിക്കുന്നത്.

തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാല്‍ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂര്‍വ്വം എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :