അഭിറാം മനോഹർ|
Last Updated:
ശനി, 3 ഫെബ്രുവരി 2024 (11:00 IST)
മലയാളത്തിന്റെ പ്രിയതാരം ജയറാമിന്റെ തിരിച്ചുവരവാകുമെന്ന് കരുതപ്പെട്ടിരുന്ന സിനിമയായിരുന്നു മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ എബ്രഹാം ഓസ്ലര്‍ എന്ന ചിത്രം. പ്രതീക്ഷിച്ചത് പോലെ ബോക്‌സോഫീസില്‍ മികച്ച പ്രകടനമാണ്
സിനിമ കാഴ്ചവെച്ചത്. 2024 ജനുവരി അവസാനിക്കുമ്പോള്‍ ഈ വര്‍ഷത്തിലെ ഏക വിജയചിത്രമായി മാറിയിരിക്കുകയാണ് ഓസ്ലര്‍.
മമ്മൂട്ടി-ജയറാം കോമ്പിനേഷനില്‍ വന്ന ചിത്രം ലോകമെമ്പാടും നിന്നായി 40 കോടിയോളമാണ് കളക്റ്റ് ചെയ്തത്. ആട്ടം,ഖല്‍ബ്,വിവേകാനന്ദന്‍ വൈറലാണ്,രാസ്ത,മലൈക്കോട്ടെ വാലിബന്‍ എന്ന് തുടങ്ങി പതിനേഴോളം സിനിമകളാണ് 2024ലെ ആദ്യമാസത്തില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഇതില്‍ ഹിറ്റ് സ്റ്റാറ്റസ് നേടാനായത് ജയറാം സിനിമയായ ഓസ്ലറിന് മാത്രമായിരുന്നു. ധനുഷ് നായകനായെത്തിയ തമിഴ് ചിത്രമായ ക്യാപ്റ്റന്‍ മില്ലറാണ് ജനുവരിയില്‍ കേരളത്തില്‍ നിന്നും നേട്ടമുണ്ടാക്കിയ മറ്റൊരു ചിത്രം. ആദ്യ ദിനത്തില്‍ 10 കോടി കളക്ഷന്‍ നേടിയെങ്കിലും മോഹന്‍ലാല്‍ സിനിമയായ മലൈക്കോട്ടെ വാലിബന് സമ്മിശ്രമായ പ്രതികരണമാണ് ലഭിച്ചത്. ആഗോളതലത്തില്‍ 26 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. എന്നാല്‍ വമ്പന്‍ ബജറ്റിലായിരുന്നു മലൈക്കോട്ടെ വാലിബന്‍ ഒരുങ്ങിയത് എന്നത് സിനിമയ്ക്ക് തിരിച്ചടിയായി.
ജനുവരി റിലീസുകളില്‍ ഹനുമാന്‍, അയലാന്‍,ഓസ്ലര്‍ എന്നീ സിനിമകളാണ് മോളിവുഡ്,ടോളിവുഡ്,കോളിവുഡ് വ്യവസായങ്ങളില്‍ നിന്നുള്ള ഹിറ്റ് സിനിമകള്‍. ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളായ മഞ്ഞുമ്മല്‍ ബോയ്‌സ്,ഭ്രമയുഗം എന്നീ സിനിമകളുടെ റിലീസുണ്ട്.