കെ ആര് അനൂപ്|
Last Modified വ്യാഴം, 16 മെയ് 2024 (09:30 IST)
Oru Vadakkan Veeragatha, Devaasuram, Aaraam Thampuran
തമിഴകത്ത് റീ-റിലീസ് ചെയ്ത സിനിമകള്‍ പണം വാരി കൂട്ടുമ്പോള്‍ മോളിവുഡും അതേ വഴി സ്വീകരിക്കുകയാണ്. കുതിരപ്പുറത്ത് വരുന്ന ചന്തുവും മീശ പിരിക്കുന്ന മംഗലശ്ശേരി നീലകണ്ഠനും നാഗവല്ലിയും ഒക്കെ ഫോര്‍ കെ ദൃശ്യമായി നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നു. ബാഗ്രൗണ്ട് സ്കോര്‍ ഡോള്‍ബി അറ്റ്മോസില് ആസ്വദിക്കാം. ഒരു വടക്കന്‍ വീരഗാഥ, മണിച്ചിത്രത്താഴ്, ദേവാസുരം, ആറാം തമ്പുരാന്, ദേവദൂതന് തുടങ്ങി പത്തോളം സിനിമകള്‍ റീ റിലീസിന് ഒരുങ്ങുന്നു.
എസ് ക്യൂബ് ഫിലിംസാണ് 'ഒരു വടക്കന്‍ വീരഗാഥ' 35 വര്‍ഷത്തിനുശേഷം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഇതിന്റെ പ്രാഥമിക ജോലികള്‍ പൂര്‍ത്തിയായി. റിലീസ് ചെയ്ത് 31 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പുതുമ നഷ്ടപ്പെടാത്ത മണിച്ചിത്രത്താഴ് പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്ററിങ് ജോലികള്‍ പൂര്‍ത്തിയാക്കി. മണിച്ചിത്രത്താഴ് ഫസ്റ്റ് കോപ്പി റെഡിയാണ്.
ജൂലൈ 12 അല്ലെങ്കില്‍ ഓഗസ്റ്റ് 17 നോ ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഓവര്‍സീസ് അവകാശത്തിനായി ഉള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. റീമാസ്റ്ററിങ്ങിന് നേതൃത്വം നല്കിയ മാറ്റനി നൗവിന്റെ ഉടമയായ ഡി.സോമന് പിള്ളയും സംവിധായകന് ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗ്ഗ ചിത്ര അപ്പച്ചനും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് വീണ്ടും റിലീസിന് എത്തിക്കുന്നത്.
കാലാപാനി, വല്യേട്ടന്, ദേവാസുരം, ആറാം തമ്പുരാന്, 1921 തുടങ്ങിയ ചിത്രങ്ങളും റീമാസ്റ്ററിങ് ചെയ്ത് പ്രദര്‍ശനത്തിന് എത്തും. ദേവാസുരത്തിന്റെ 4k എഡിറ്റിംഗും ഡി ഐ ജോലികളും പൂര്‍ത്തിയായി. മൂന്നുമാസത്തിനുള്ളില്‍ തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.