കെ ആര് അനൂപ്|
Last Modified ബുധന്‍, 6 ജനുവരി 2021 (21:29 IST)
കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ വേഷത്തിൽ മമ്മൂട്ടിയെത്തുന്ന 'വൺ' റിലീസിന് ഒരുങ്ങുന്നു. റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കുമെന്ന് മമ്മൂട്ടി അറിയിച്ചു. സിനിമയുടെ പുതിയ
പോസ്റ്റർ പങ്കു വെച്ചു കൊണ്ടാണ് മെഗാസ്റ്റാറിൻറെ പ്രഖ്യാപനം. തിയേറ്റർ റിലീസ് ആകാനാണ് സാധ്യത. ട്രെയിലർ ഉൾപ്പെടെയുള്ളവ ഉടന്‍ പുറത്തുവരും.
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്ന ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ആളുകളെ കൈവീശി കാണിച്ച് അവരുടെ കയ്യടി വാങ്ങുന്ന മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രനെയാണ് ടീസറിൽ കാണാനായത്.
സന്തോഷ് വിശ്വനാഥാണ് വൺ സംവിധാനം ചെയ്യുന്നത്. ചില യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും ഈ സിനിമ. ബോബി - സഞ്ജയ് ടീമാണ് തിരക്കഥ.
ജോജു ജോർജ്, മുരളി ഗോപി, നിമിഷ സജയൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, മമ്മുക്കോയ, സിദ്ദിഖ്, ബാലചന്ദ്ര മേനോൻ, സലിം കുമാർ, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.