കെ ആര് അനൂപ്|
Last Modified തിങ്കള്‍, 1 മെയ് 2023 (17:50 IST)
ജാതി വാല് എന്നത് സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയാകുന്ന കാലമാണ് ഇപ്പോള്‍. നവ്യ നായര്‍ എന്ന പേരിനെ ചൊല്ലി നടക്കുന്ന ചര്‍ച്ചകളില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി.
സിനിമയില്‍ എത്തിയപ്പോള്‍ തനിക്ക് ലഭിച്ച പേരാണ് നവ്യ നായര്‍ എന്നാണ് നടി പറയുന്നത്. സംവിധായകന് സിബി മലയില്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് നവ്യ നായര്‍ എന്ന പേര് സമ്മാനിച്ചത്. അന്നത്തെ സിനിമാക്കാര് ഇട്ട പേരാണ് നവ്യ നായര്‍ എന്നും തനിക്ക് അവിടെ വോയിസ് ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ ആ പേര് മാറ്റിയാല്‍ മാറ്റിയാലും എല്ലാവരുടെയും ഉള്ളില്‍ താന്‍ നവ്യ നായര്‍ തന്നെയായിരിക്കും എന്നുമാണ് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
ടിവി പരിപാടിയിലും മറ്റും എന്നെ കാണുന്ന കുട്ടികള്‍ അടക്കം നവ്യ നായര്‍ എന്നാണ് വിളിക്കുന്നത്. അത് ജാതി മനസിലാക്കിയിട്ടില്ല പേര് അതായിപോയതുകൊണ്ടാണ്. ജാതിവാല് മുറിക്കാം എന്ന് വച്ചാല്‍ എന്റെ ഔദ്യോഗിക പേര് ധന്യ വീണ എന്നാണെന്നും നവ്യ വ്യക്തമാക്കി.എല്ലാ രേഖകളിലും അങ്ങനെയാണ്. അതിലൊന്നും ജാതിവാല് ഇല്ല. പിന്നെ എങ്ങനെ മുറിക്കും. ജാതിപ്പേര് മോശമാണ് എന്ന് വിചാരിച്ചല്ല ഇത് പറയുന്നതെന്നും, മുറിക്കാന്‍ എനിക്കൊരു വാലില്ല എന്നതാണ് സത്യമെന്നും നവ്യ നായര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.