aparna shaji|
Last Modified ശനി, 22 ഏപ്രില്‍ 2017 (14:10 IST)
നിവിൻ പോളി എന്ന നടനിൽ ഒരു സംവിധായകന് നൂറു ശതമാനം വിശ്വസിക്കാം എന്നതിന്റെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ് നിവിന്റെ പുതിയ ചിത്രമായ സഖാവ്. മിനിമം ഗ്യാരണ്ടിയുള്ള നടനായി മാറിയിരിക്കുകയാണ് നിവിൻ. എന്തുകൊണ്ടാണ് ഗീതു മോഹൻദാസ് നിവിനിൽ ഇത്ര വിശ്വാസം അർപ്പിച്ചിരിയ്ക്കുന്നതെന്ന് പലർക്കും ഇപ്പോൾ ബോധ്യമായിരിക്കുകയാണ്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ലൊക്കേഷനിലേക്കാണ് ഇനി നിവിനു പോകാനുള്ളത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്നെ സംവിധായിക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യാഥാര്‍ത്ഥ്യവും മാജിക്കല്‍ റിയലിസവും ചേര്‍ന്ന സിനിമയാണ് ഇതെന്ന് നിവിൻ തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ചിത്രത്തിന് വേണ്ടി പ്രശസ്ത അഭിനയ പരിശീലകന്റെ കീഴില്‍ നിവിൻ അഭിനയം പരിശീലിച്ചു. ശരീര ഭാഷയെക്കുറിച്ചും കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കണമെന്നതിനെക്കുറിച്ചും നിവിന്‍ പോളി പരിശീലനം നേടി. അതുല്‍ മോറിയ എന്ന പ്രശശ്ത പരിശീലകന്റെ കീഴില്‍ നിന്നാണ് നിവിന്‍ പോളി അഭിനയ പഠനം പൂര്‍ത്തിയാക്കിയത്. മുന്‍പ് ഇതുവരെ ചെയ്യാത്ത കഥാപാത്രത്തെയാണ് മൂത്തോനില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്.
പതിവ് രീതിയിൽ നിന്നെല്ലാം മാറി ഇതൊരു ചോരക്കളിയാണെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു കമ്മട്ടിപ്പാടം ആണെന്ന് ആരാധകർ പറയുന്നു. ബോളിവുഡ് ഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപും സംവിധായകനും ഗീതുവിന്റെ ഭർത്താവുമായ രാജീവ് രവിയും ഉൾപ്പെടെയുള്ളവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ഇറോസ് ഇന്റർനാഷണലിന്റെ ബാനറിലാണ് ചിത്രം ഇറങ്ങുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. മികച്ച പിന്നണി പ്രവര്‍ത്തനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.