രേണുക വേണു|
Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (13:03 IST)
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനന്‍. തന്റെ പിന്നാലെ നടന്ന ടോക്സിക് ആരാധകനെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ആറാട്ടിന്റെ തിയറ്റര്‍ റെസ്പോണ്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട സന്തോഷ് വര്‍ക്കിയാണ് നിത്യ മേനനെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ നിരന്തരം ശല്യം ചെയ്തിരുന്നത്. ഈ ആരാധകനില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ഒരു യുട്യൂബ് അഭിമുഖത്തിലാണ് നിത്യ തുറന്നുപറഞ്ഞത്.
നിത്യ മേനനെ കല്യാണം കഴിക്കണമെന്നാണ് സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നത്. സന്തോഷ് തനിക്ക് വലിയൊരു ശല്യമായിരുന്നെന്ന് നിത്യ പറഞ്ഞു. അയാള്‍ തന്നെ കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ ഷോക്കായിപ്പോയെന്നും നിത്യ പറഞ്ഞു.
അയാളെ കൊണ്ടുള്ള ശല്യം സഹിക്കാന്‍ പറ്റില്ലായിരുന്നു. അതിനുശേഷം അടുത്തിടെ ഇയാള്‍ ഇതേ കാര്യം വെളിപ്പെടുത്തിയപ്പോള്‍ വലിയ ഷോക്കായി പോയി. ഫോണ്‍ നമ്പര്‍ തപ്പി പിടിച്ച് തന്‍രെ അമ്മയേയും അച്ഛനേയും വരെ ഇയാള്‍ ഫോണ്‍ വിളിച്ച് മോശമായി സംസാരിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു.
സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും അയാളുടെ പെരുമാറ്റം. പൊലീസ് കേസ് കൊടുക്കാന്‍ ആ സമയത്തു പലരും നിര്‍ബന്ധിച്ചിരുന്നു എന്നാല്‍ അത് താന്‍ ചെയ്തില്ലെന്നും അയാളുടെ മുപ്പതിലേറെ നമ്പറുകള്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അയാള്‍ക്ക് എന്തോ പ്രശ്‌നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതല്‍ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.