അഭിറാം മനോഹർ|
Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (12:41 IST)
മലയാള
സിനിമ ചരിത്രത്തില്‍ നിരവധി ക്ലാസിക് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് അന്തരിച്ച കെ ജി ജോര്‍ജ്. ഇരകള്‍,കോലങ്ങള്‍,മറ്റൊരാള്‍,ആദാമിന്റെ വാരിയെല്ല്,പഞ്ചവടിപ്പാലം തുടങ്ങി നിരവധി സിനിമകള്‍ ജോര്‍ജ് സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി എന്ന നടന്റെ വളര്‍ച്ചയില്‍ കെ ജി ജോര്‍ജ് സിനിമകള്‍ ഒരു വലിയ ഭാഗം തന്നെ വഹിച്ചിട്ടുണ്ട്. കെ ജി ജോര്‍ജ് ചിത്രങ്ങളായ മേള,യവനിക എന്നീ സിനിമകളിലൂടെയായിരുന്നു ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടി പാകത കൈവരിച്ചത്.
തന്റെ സിനിമ എങ്ങനെ വേണമെന്നതില്‍ ഏറെ കാര്‍ക്കശ്യം പുലര്‍ത്തുന്ന സംവിധായകനായിരുന്നു കെ ജി ജോര്‍ജ്. ഇത് വ്യക്തമാക്കുന്ന ഒരു അനുഭവം ഒരു ചടങ്ങില്‍ വെച്ച് എഴുത്തുക്കാരനും തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍ പങ്കുവെച്ചിട്ടുണ്ട്. കെ ജി ജോര്‍ജിന്റെ മറ്റൊരാള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള സംഭവമാണ് ജോണ്‍ പോള്‍ പറയുന്നത്.
ചിത്രത്തില്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെ കഥാപാത്രം ഭാര്യയായ സീമയെ വല്ലാതെ ദേഹോപദ്രവം ഏല്‍പ്പിന്ന ഇടത്തിലേക്ക് മമ്മൂട്ടി കടന്നുവരുന്നതും മമ്മൂട്ടി കരമനയെ പിടിച്ചുമാറ്റുന്നതുമാണ്. ഇതിന്റെ എല്ലാ വിറങ്ങലിപ്പോടും കൂടി സീമയുടെ കഥാപാത്രം ഭിത്തിയില്‍ ചാരി നിലത്തിരിക്കുന്നു.
ഇത് ജോര്‍ജ് ലൈറ്റപ്പ് ചെയ്ത് ഷോട്ട് ഡിവൈഡ് ചെയ്ത് കഴിഞ്ഞപ്പോഴാണ് മമ്മൂട്ടി ഒരു അഭിപ്രായം പറയുന്നത്. മറ്റൊരാളിലേക്കെത്തുമ്പോഴേക്കും മലയാളത്തിലെ ഒരു താരമായി മമ്മൂട്ടി മാറികഴിഞ്ഞിരുന്നു. ജോര്‍ജ് സാറെ നമുക്ക് ഇത് ഇങ്ങനെയും എടുക്കാം പക്ഷേ ഞാന്‍ നടന്നുവരുമ്പോള്‍ ഇവിടത്തെ ശബ്ദം കേള്‍ക്കുന്നതും എന്റെ വീക്ഷണത്തില്‍ ഇവര്‍ പിടിയും വലിയും നടത്തുമ്പോള്‍ ഞാന്‍ വരുന്നതും പിടിച്ചുമാറ്റുന്നു. എന്നിട്ട് കരമന ജനാര്‍ദ്ദനന്‍ നായരെ കൂട്ടികൊണ്ട് നടന്ന് ഞാന്‍ പിറകോട്ട് നോക്കുമ്പോള്‍
സീമ ഭിത്തിയില്‍ ചാരി ഊര്‍ന്നിറങ്ങുന്നു. രണ്ടും ഒന്നാണ്.
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന കെ ജി ജോര്‍ജ് പക്ഷേ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്റെ താടിയും തടവികൊണ്ട് പറഞ്ഞത് ഇങ്ങനെ. മിസ്റ്റര്‍ മമ്മൂട്ടി, അത് അങ്ങനെയും എടുക്കാം, പക്ഷേ ഇത് ഞാനെടുക്കുന്ന സിനിമയാണ്. ഞാന്‍ ഉദ്ദേശിക്കുന്ന പോലെയാണ് എടുക്കുന്നത്. അതുകൊണ്ട് മമ്മൂട്ടി ഗോ ആന്‍ഡ് സ്റ്റാന്‍ഡ് ഇന്‍ യുവര്‍ പൊസിഷന്‍. പൂച്ച അനുസരിക്കുന്ന പോലെ മമ്മൂട്ടി അത് അനുസരിക്കുകയും ചെയ്തു. ജോണ്‍പോള്‍ പറയുന്നു.