വാലിബൻ,ഭ്രമയുഗം, ഓസ്ലർ,ആവേശം,ആടുജീവിതം,കത്തനാർ: 2024ൽ മലയാള സിനിമയ്ക്ക് പ്രതീക്ഷകളേറെ

അഭിറാം മനോഹർ| Last Modified ഞായര്‍, 31 ഡിസം‌ബര്‍ 2023 (14:24 IST)
2018 എന്ന സിനിമയുടെ വമ്പന്‍ വിജയം ഉണ്ടായിരുന്നെങ്കിലും 2023ല്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മലയാള സിനിമയ്ക്ക് ആയിരുന്നില്ല. 200ലേറെ സിനിമകള്‍ കഴിഞ്ഞ വര്‍ഷത്തില്‍ പുറത്തിറങ്ങിയപ്പോള്‍ 13 സിനിമകള്‍ മാത്രമാണ് സാമ്പത്തികമായി ലാഭത്തിലെത്തിയത്. ഇതില്‍ തന്നെ നാല് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ ലാഭകരമായി ഓടിയത്. എന്നാല്‍ 2024ലേക്ക് കടക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളുടേതടക്കം പ്രതീക്ഷയുള്ള പല സിനിമകളും റിലീസ് കാത്തിരിപ്പാണ്.

എബ്രഹാം ഓസ്ലര്‍: അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ. ഏറെക്കാലത്തിന് ശേഷം ജയറാം മലയാളത്തില്‍ പ്രധാനകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നു.

മലൈക്കോട്ടെ വാലിബന്‍: മോഹന്‍ലാല്‍ ലിജോ ജോസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തെ പറ്റിയുള്ള യാതൊരു വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. സംവിധാന മികവ് കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു ലിജോ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നത് തന്നെ സിനിമയെ സ്‌പെഷ്യലാക്കി മാറ്റുന്നുണ്ട്.

കത്തനാര്‍: സാങ്കേതികതികവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ കത്തനാരിന്റെ ട്രെയിലര്‍. രണ്ടുഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന സിനിമയാകുമെന്നാണ് പ്രതീക്ഷ. ജയസൂര്യയാണ് ചിത്രത്തില്‍ കത്തനാരായി എത്തുന്നത്.

ആവേശം: രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രം. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. വിഷു റിലീസായി ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം: ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം. ധ്യാന്‍ ശ്രീനിവാസന്‍,നിവിന്‍ പോളി,കല്യാണി പ്രിയദര്‍ശന്‍ എന്നിവരടക്കം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഭ്രമയുഗം: ഭൂതകാലം എന്ന സിനിമയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രം. മമ്മൂട്ടി നായകനായെത്തുന്ന സിനിമയുടേതായി വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. നടനെന്ന നിലയില്‍ മമ്മൂട്ടിയുടെ മികച്ച പ്രകടനം സിനിമയില്‍ കാണാനാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ആടുജീവിതം: ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്ദപമാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമ. കൊറോണ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നീണ്ടത് മൂലം പുറത്തിറങ്ങാന്‍ ഏറെ താമസിച്ച ചിത്രത്തെ പറ്റി പ്രതീക്ഷകള്‍ ഏറെയാണ്. നടനെന്ന നിലയില്‍ പൃഥ്വിരാജിന് ദേശീയ പുരസ്‌കാരം നേടികൊടുക്കാന്‍ ചിത്രത്തിനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അജയന്റെ രണ്ടാം മോഷണം: ടൊവിനോ തോമസിനൊപ്പം കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്,ബേസില്‍ തോമസ് എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തെ പറ്റി പ്രതീക്ഷകള്‍ ഏറെയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൊവിനോ 3 കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :