അഭിറാം മനോഹർ|
Last Modified വെള്ളി, 29 നവംബര്‍ 2024 (19:51 IST)
മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണെങ്കിലും ലൂസിഫര്‍ എന്ന വമ്പന്‍ വിജയത്തിന് ശേഷം മലയാളത്തില്‍ കാര്യമായ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ മോഹന്ലാലിനായിട്ടില്ല. നേര് എന്ന സിനിമ മാത്രമാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ബോക്സോഫീസില്‍ വലിയ നേട്ടമുണ്ടാക്കിയത്. എന്നാല്‍ സമീപകാലത്തെ ഈ മോശം ഫോം 2025ഓടെ അവസാനിക്കുമെന്നാണ് മോഹന്‍ലാലിന്റെ ലൈനപ്പിലുള്ള സിനിമകള്‍ നല്കുന്ന സൂചന. ഈ വര്‍ഷം ക്രിസ്മസ് റിലീസായി ഒരുങ്ങുന്ന ബറോസ് എന്ന സിനിമയിലൂടെയാകും മോഹന്‍ലാല്‍ ഇതിന് തിരികൊളുത്തുക.
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന സിനിമ ഡിസംബര്‍ 25നാണ് തിയേറ്ററുകളിലെത്തുന്നത്. 2019ല്‍ പ്രഖ്യാപിക്കപ്പെട്ട സിനിമ കൊവിഡും മറ്റ് ചില പ്രശ്നങ്ങളുമെല്ലാം കാരണം ചിത്രീകരണം വൈകുകയായിരുന്നു. ബറോസിന് പിന്നാലെ മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി സിനിമയായ തുടരും ജനുവരി 30ന് തിയേറ്ററുകളിലെത്തും. ഏറെനാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ എന്ന ആക്ടറെ കാണാനാവുന്ന സിനിമയാകും ഇതെന്നാണ് സിനിമാലോകത്തെ സംസാരം. മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
അതേസമയം മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന് മാര്‍ച്ച് 27നാകും തിയേറ്ററുകളിലെത്തുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ടൊവിനോ തോമസ്. മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരടക്കം വലിയ താരനിരയാണുള്ളത്. ഇതിന് പിന്നാലെ ഓഗസ്റ്റ് റിലീസായി മോഹന്‍ലാല്‍- സത്യന് അന്തിക്കാട് സിനിമയായ ഹൃദയപൂര്‍വവും തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് 28നാകും സിനിമയുടെ റിലീസ്. ഇത് കൂടാതെ മോഹന്‍ലാല്‍ അഭിനയിക്കുന്ന അന്യഭാഷ സിനിമയായ വൃഷഭ 2025 ഒക്ടോബര്‍ 16ന് തിയേറ്ററുകളിലെത്തും. 200 കോടി ബജറ്റിലൊരുങ്ങുന്ന വമ്പന്‍ സിനിമയാണിത്.