നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 17 ജൂലൈ 2021 (08:39 IST)
മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷം സ്വന്തമാക്കിയിട്ട് ഇന്നേക്ക് 35 വര്‍ഷം. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ റിലീസ് ചെയ്തിട്ട് 35-ാം വാര്‍ഷികമാണിന്ന്. 1986 ജൂലൈ 17 നാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ രാജാവിന്റെ മകന്‍ തിയറ്ററുകളിലെത്തിയത്. റിലീസിങ് ദിവസത്തെ നൂണ്‍ഷോ കഴിഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി മാറിക്കഴിഞ്ഞെന്നാണ് തമ്പി കണ്ണന്താനം പറയുന്നത്. ഡെന്നീസ് ജോസഫ് ആയിരുന്നു രാജാവിന്റെ മകന്‍ തിരക്കഥ രചിച്ചത്.
തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റുമായി തമ്പി കണ്ണന്താനം എത്തുന്നത്. അക്കാലത്ത് തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്. തനിക്കായി ഒരു തിരക്കഥ എഴുതി തരാമോ എന്ന് ഡെന്നീസിനോട് തമ്പി ചോദിച്ചു. പല കഥകളും ചര്‍ച്ച ചെയ്തു. ഒടുവില്‍ രാജാവിന്റെ മകന്‍ പിറന്നു. നെഗറ്റീവ് ടച്ചുള്ള നായകനായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ എത്തിയത്. വിന്‍സെന്റ് ഗോമസ് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ നിര്‍മാണവും തമ്പി കണ്ണന്താനം തന്നെയായിരുന്നു. അക്കാലത്ത് മോഹന്‍ലാല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആയിട്ടില്ല. മോഹന്‍ലാല്‍ നെഗറ്റീവ് ടച്ചുള്ള വേഷം ചെയ്താല്‍ ആളുകള്‍ ശ്രദ്ധിക്കുമോ എന്ന സംശയം അണിയറപ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍, തമ്പി കണ്ണന്താനം മോഹന്‍ലാലിന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചു.
അംബികയായിരുന്നു രാജാവിന്റെ മകനില്‍ മോഹന്‍ലാലിന്റെ നായിക. അന്ന് അംബികയ്ക്ക് മോഹന്‍ലാലിനേക്കാള്‍ താരമൂല്യം ഉണ്ടായിരുന്നു. കമല്‍ഹാസനൊപ്പം നായികയായി അഭിനയിച്ചതിനാലാണ് അംബികയുടെ താരമൂല്യം ഉയര്‍ന്നത്. എന്നാല്‍, രാജാവിന്റെ മകന് ശേഷം മോഹന്‍ലാലിന്റെ താരമൂല്യം അതിവേഗം ഉയര്‍ന്നു.