താരങ്ങൾ 2 ചേരികളിലായി,ഒറ്റയ്ക്ക് രാജിവെയ്ക്കരുതെന്ന് മോഹൻലാലിനെ ഉപദേശിച്ചത് മമ്മൂട്ടി

Mammootty,Mohanlal
Mammootty,Mohanlal
അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2024 (16:11 IST)
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടതിനെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. ഏറെ വികാരാധീനനായാണ് മോഹന്‍ലാല്‍ രാജിവെയ്ക്കുന്ന തീരുമാനം ഭരണസമിതി അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രഖ്യാപിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തീരുമാനത്തിന് മുന്‍പ് താന്‍ മമ്മൂട്ടിയുമായി സംസാരിച്ചെന്നും ഇതാണ് നല്ലതെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തായതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് താരസംഘടനയില്‍ കൂട്ടരാജിയുണ്ടായത്. മോഹന്‍ലാല്‍ പ്രസിഡന്റായ സംഘടനയിലെ 17 അംഗ കമ്മിറ്റിയാണ് രാജിവെച്ചത്. വിഷയത്തില്‍ സംഘടനയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമായതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാജിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.മോഹൻലാലിനോട് ഒറ്റയ്ക്ക് രാജിവെയ്ക്കരുതെന്നും എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും രാജിവെയ്ക്കാനും നിർദേശിച്ചത് മമ്മൂട്ടിയായിരുന്നു എന്നാണ് സൂചന. പുതിയ ഭരണസമിതി വരട്ടെ എന്നതായിരുന്നു മമ്മൂട്ടിയുടെ നിർദേശം,

സംഘടനയ്ക്കുള്ളില്‍ ഒരു വിഭാഗം ജഗദീഷിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നതോടെയാണ് അമ്മയിൽ പ്രതിസന്ധി രൂക്ഷമായത്. പൃഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളും വനിതാ അംഗങ്ങളുമാണ് ഇത്തരത്തില്‍ സംഘടിച്ചത്. ഇവര്‍ സംഘടിച്ച് വാട്‌സാപ്പ് ഗ്രൂപ്പില്‍ തര്‍ക്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഭരണസമിതി രാജിവെയ്ക്കുന്നുവെന്ന തീരുമാനത്തിലേക്ക് മോഹന്‍ലാല്‍ എത്തിയത്.


ഭരണസമിതിയുടെ തെരെഞ്ഞെടുപ്പ് വൈകരുതെന്ന് യുവതാരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2 മാസത്തിനുള്ളില്‍ ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് ഭരണസമിതിയെ തെരെഞ്ഞെടുക്കും. അതുവരെ നിലവിലെ ഭരണസമിതി താത്കാലികമായി തുടരാനാണ് ആലോചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :