'ലയണ്‍ കിങ് സിനിമ കണ്ടിട്ടുണ്ടോ?' ദുല്‍ഖര്‍ സല്‍മാന്‍ സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് മോഹന്‍ലാല്‍ അന്നേ പ്രവചിച്ചിരുന്നു

രേണുക വേണു| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (11:34 IST)

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിലൂടെ മലയാള സിനിമയുടെ അമരത്തേക്ക് ദുല്‍ഖര്‍ സല്‍മാനും കയറിവന്നിരിക്കുകയാണ്. അതിവേഗ 50 കോടി ക്ലബില്‍ ഇടംപിടിച്ച കുറുപ്പിന്റെ ജൈത്രയാത്ര തുടരുകയാണ്. ദുല്‍ഖറിനേയും മമ്മൂട്ടിയേയും കുറിച്ച് സാക്ഷാല്‍ മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ക്യാമറമാനും സംവിധായകനുമായ വേണുവാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ട്രൂകോപ്പി തിങ്കില്‍ ഇതേ കുറിച്ച് എഴുതിയിരിക്കുന്നത്. ദുല്‍ഖര്‍ മമ്മൂട്ടിയെ പോലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് മോഹന്‍ലാല്‍ അന്നേ പറഞ്ഞിരുന്നത്രേ ! ഹരികൃഷ്ണന്‍സ് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയുണ്ടായ സംഭവമാണ് വേണു വിവരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ഒരു വെളുപ്പാന്‍ കാലത്ത് ഓരോ കഥകള്‍ പറഞ്ഞു നില്‍ക്കുകയാണ്, പെട്ടെന്ന് ലാല്‍ ഒരു കാഴ്ച തന്നെ ചൂണ്ടികാച്ചു. അവിടേക്ക് നോക്കിയ ഞാന്‍ കണ്ടത് മമ്മൂട്ടിയുടെ കൈയ്യും പിടിച്ച് വരുന്ന കുഞ്ഞു ദുല്‍ഖറിനെയാണ്. പെട്ടെന്ന് 'മോഹന്‍ലാല്‍ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളില്‍ കംപോസ് ചെയ്തിട്ട് എന്നോട് ചോദിച്ചു അണ്ണാച്ചി 'ലയണ്‍ കിങ്' സിനിമ കണ്ടായിരുന്നോ' എന്ന്, ഞാന്‍ കണ്ടിരുന്നുവെന്നും പറഞ്ഞുവെന്ന് വേണു പറയുന്നു.

'ലയണ്‍ കിങ്' എന്ന ഹോളിവുഡ് ചിത്രത്തില്‍, ഒരു രാത്രി അനന്തമായ ആഫ്രിക്കന്‍ ആകാശത്തെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങള്‍ക്കുകീഴില്‍ മുഫാസ മകന് ജിവിതത്തിലെ അന്തര്‍ധാരകളുടെ സങ്കീര്‍ണതകള്‍ പറഞ്ഞു കൊടുക്കുന്നു. അച്ഛന്റെ ആ വാക്കുകള്‍ സിംബായുടെ കാഴ്ചപ്പാടുകളെ എങ്ങനെ സ്വാധീനിച്ചു എന്നും, അടുത്ത രാജാവാകാന്‍ എങ്ങനെ സഹായിച്ചു എന്നതുമാണ് കഥയിലെ പ്രധാന ഘടകം. ഇതിനെ ഉദാഹരണമാക്കിയായിരുന്നു മോഹന്‍ലാല്‍ മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ച് അന്ന് പറഞ്ഞത്.

വേണുവിന്റെ വാക്കുകള്‍ ഇങ്ങനെ:

എത്ര വൈകി ഉറങ്ങിയാലും നേരത്തെ എഴുന്നേല്‍ക്കുന്ന ശീലക്കാരനാണ് ലാല്‍. എന്നാല്‍ മമ്മൂട്ടിക്ക് അങ്ങനെയൊരു പതിവ് തീരെയില്ല. ഒരു ദിവസം രാവിലെ ഉണര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ ഒറ്റക്ക് തണുപ്പും ആസ്വദിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് കണ്ടത്. ലാലും ഞാനും വെറുതേ അതുമിതും പറഞ്ഞു നിന്നു. പെട്ടെന്ന് ലാല്‍ ഒരു വശത്തേക്ക് നോക്കി 'ഒയ്യോ, അതുകണ്ടോ' എന്നു പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ കണ്ടത്, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാഴ്ചയാണ്. ദൂരെ പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തില്‍ മരങ്ങള്‍ക്കിടയിലെ ഇളംമഞ്ഞിലൂടെ, ഗൗരവത്തില്‍ മമ്മൂട്ടി നടന്നുവരുന്നു; കുടെ കുഞ്ഞു ദുല്‍ഖര്‍ സല്‍മാനും. അകലെക്കണ്ട മലനിരകള്‍ ചൂണ്ടിക്കാട്ടി മമ്മൂട്ടി മകന് എന്തോ പറഞ്ഞു കൊടുക്കുന്നു. വാപ്പച്ചി പറയുന്നത് ശ്രദ്ധിച്ചുകേട്ട് ദുല്‍ഖര്‍ സല്‍മാനും നടക്കുന്നു. മോഹന്‍ലാല്‍ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളില്‍ കംപോസ് ചെയ്ത് ആ കാഴ്ച ഒന്നാസ്വദിച്ചിട്ട് എന്നോട് ചോദിച്ചു - അണ്ണാച്ചി 'ലയണ്‍ കിങ്' സിനിമ കണ്ടായിരുന്നോ എന്ന്. ആ സിനിമ നേരത്തേ കണ്ടതാണെന്ന് ഞാനും പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :