കെ ആര്‍ അനൂപ്|
Last Modified ശനി, 28 മെയ് 2022 (16:55 IST)
അവാര്‍ഡുകള്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍.പലപ്പോഴും ഭരണ കക്ഷികളുടെ ഇടപെടല്‍ അര്‍ഹരായ ചിലരെ ഒഴിവാക്കിയിട്ടുണ്ട് അവര്‍ക്ക് വേണ്ടപ്പെട്ടവരെ തള്ളി കയറ്റിയിട്ടുമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
അഖില്‍ മാരാരുടെ വാക്കുകളിലേക്ക്
അവാര്‍ഡുകള്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്...
പലപ്പോഴും ഭരണ കക്ഷികളുടെ ഇടപെടല്‍ അര്‍ഹരായ ചിലരെ ഒഴിവാക്കിയിട്ടുണ്ട് അവര്‍ക്ക് വേണ്ടപ്പെട്ടവരെ തള്ളി കയറ്റിയിട്ടുമുണ്ട്...
തിലകന് അര്‍ഹിച്ച നാഷണല്‍ അവാര്‍ഡ് അവസാന ദിവസം രാജീവ്ഗാന്ധി ഇടപെട്ടാണ് അമിതാബ് ബച്ചന് നല്‍കിയതെന്ന് ആരോപണം ഉണ്ട്...അമിതാബിനെ കൊണ്‌ഗ്രെസ്സിനൊപ്പം നിര്‍ത്താന്‍ രാജീവ് ഗാന്ധി ആഗ്രഹിച്ചു..
പിന്നീട് കുട്ടി സ്രാങ്ക് സിനിമയിലെ മികച്ച പ്രകടനത്തിന് മമ്മൂക്കയ്ക്ക് നാഷണല്‍ അവാര്‍ഡ് നഷ്ടപ്പെടുമ്പോള്‍ മുഖത്തു മാസ്‌ക് വെച്ചു അഭിനയിച്ച അമിതാബ് ബച്ചന്റെ പാ യിലെ പ്രകടനം അവാര്‍ഡ്കൊണ്ട് പോയി..
സദയത്തിലെ പ്രകടനത്തിന് ലാലേട്ടന് അവാര്‍ഡ് നിഷേധിക്കാന്‍ ജൂറി കണ്ടെത്തിയ കാരണം കഴിഞ്ഞ വര്‍ഷവും ലാല്‍ ആയിരുന്നല്ലോമികച്ച നടന്‍ എന്നതാണ്...
അന്ന് കമല്‍ഹാസന്‍ പറഞ്ഞത് മോഹന്‍ലാലിന് സദയത്തിലെ പ്രകടനത്തിന് അവാര്‍ഡ് നല്‍കിയില്ലെങ്കില്‍ എനിക്ക് ലഭിച്ച അവര്‍ഡുകള്‍ക്ക് യാതൊരു വിലയുമില്ല എന്നാണ്..
ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്..
ദേശീയ അവാര്‍ഡ് ജേതാവ് ആയ സുരാജിനെ അതേ വര്‍ഷം സംസ്ഥാനജൂറി പൂര്‍ണമായും ഒഴിവാക്കിയിരുന്നു എന്നൊരു വിരോധാഭാസവും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്..
ഇനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിന് ഇന്ദ്രന്‍സ് ചേട്ടനായിരുന്നു അര്‍ഹന്‍ എന്ന് നിരവധി പേര്‍ പറയുന്നു..
ജോജു ജോര്‍ജിന് സിപിഎം നെ സുഖിപ്പിച്ചത് കൊണ്ട് കിട്ടിയ അവാര്‍ഡ് ആണെന്നാണ് കോണ്‌ഗ്രെസ്സുകാരുടെ വാദം...
ഞാനും ഇന്ദ്രന്‍സ് ചേട്ടനും തമ്മില്‍ 2 ആഴ്ച്ച മുന്‍പും നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു..അദ്ദേഹത്തെ എനിക്കും ഏറെ ഇഷ്ട്ടമാണ്..അടുത്തിടെ ഉള്ള സിനിമകളില്‍ അദ്ദേഹം നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല..
ഹോം സിനിമയിലേക്ക് വന്നാല്‍ നിങ്ങള്‍ ഇഷ്ടപ്പെട്ടത് ഇന്ദ്രന്‍സ് ചേട്ടന്റെ പ്രകടന മികവിനെക്കാള്‍ ആ കഥാപാത്രത്തെ ആണ്..നമ്മള്‍ എന്നും സ്‌നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും കഥാപാത്രങ്ങളെ ആണ്..അത് കൊണ്ടാണ് സേതു മാധവനെ നമ്മള്‍ സ്‌നേഹിക്കുമ്പോള്‍ ഇട്ടിമാണിയെ ഓര്ക്കുക പോലും ചെയ്യാത്തത്..
ഒലിവര്‍ ട്വിസ്‌റ് എന്ന ശുദ്ധനായ നിഷ്‌കളങ്കനായ മനുഷ്യനെ നമ്മള്‍ ഇഷ്ടപ്പെടുന്നു..
ആ കഥാപാത്രം ആയി മാറാന്‍ മലയാള സിനിമയില്‍ ഇന്ദ്രന്‍സ് അല്ലാതെ ആരുമില്ല.. കാരണം ഇന്ദ്രന്‍സ് ഏട്ടനും അങ്ങനെ ആണ്.അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ കാണുമ്പോഴും നമുക്ക് ആ ഇഷ്ടം തോന്നും..അദ്ദേഹത്തിന് അനായാസമായി ചെയ്യാവുന്ന ഒരു വേഷമാണ് ഒലിവര്‍ ട്വിസ്റ്റിന്റെത്..
അദ്ദേഹം അത് അതി മനോഹരമായി ചെയ്തു...
സിനിമ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല അഭിനയത്തിന്റെ മാനദണ്ഡങ്ങള്‍..
മമ്മൂക്കയുടെ അംബേദ്കര്‍, പൊന്തന്‍ മാട, ഡാനി,വിധേയന്‍ തുടങ്ങിയ സിനിമകള്‍ എത്രപേര്‍ കണ്ടിട്ടുണ്ട്..
ബാലചന്ദ്ര മേനോന് അവാര്‍ഡ് ലഭിച്ച സമന്തരങ്ങള്‍ എത്ര പേര്‍ കണ്ടു.
മുരളിക്ക് അവാര്‍ഡ് ലഭിച്ച പുലി ജന്മം എത്ര പേര്‍ കണ്ടു..?
ലാലേട്ടന്റെ വാനപ്രസ്ഥം എത്ര പേര്‍ കണ്ടു..?
സൂരാജിന് നാഷണല്‍ അവാര്‍ഡ് കിട്ടിയ പേരറിയാത്തവര്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ..?
കൂട്ടത്തില്‍ ഒരു കാര്യം കൂടി ഞാന്‍ പറയാം അവാര്‍ഡ് നിര്‍ണ്ണയം ഇത്രയേറെ അധഃപതിച്ചത് കഴിഞ്ഞ ഒരു 10 വര്‍ഷം കൊണ്ടാണ്..
ഇനി വിമര്‍ശകര്‍ അറിയാന്‍...നായാട്ട്,മധുരം,ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുണ്ടോ..
ഇല്ല നിങ്ങള്‍ ഇതൊന്നും കണ്ടിട്ടില്ല..
സിനിമയുടെ ജയ പരാജയങ്ങള്‍ അല്ല കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന നടീ നടന്മാരുടെ പ്രകടനങ്ങള്‍ ഇവ നോക്കിയാല്‍ നിസംശയം പറയാം ജോജു ജോര്‍ജ് അല്ലാതെ മറ്റൊരു ഓപ്ഷന്‍ പോലും ജൂറിക്ക് വരില്ല...
1.നായാട്ട് (മണിയന്‍)
അപ്രതീക്ഷിതമായി സ്റ്റേഷനില്‍ ഉണ്ടായ ചില പ്രശ്നങ്ങളില്‍ ആ പ്രശ്‌നത്തിന് കാരണക്കാരന്‍ ആയ ദളിത് യുവാവിനെ അന്ന് രാത്രിയില്‍ പോലീസ് വണ്ടി ഇടിച്ചു കൊലപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരില്‍ പോലീസില്‍ നിന്നും ഓടി ഒളിക്കുന്ന പൊലീസ്‌കാരന്‍...
സംസ്ഥാന കലോത്സവത്തിനു മകളെ കൊണ്ട് പോകാം എന്നേറ്റ അച്ഛന് വീട്ടില്‍ പോകും കയരാനാകാതെ സ്വന്തം സഹപ്രവര്‍ത്തകരെ ഭയന്ന് ഒളിച്ചു കഴിയേണ്ടി വരുന്നു..
ഇരയുടെയും വേട്ടക്കാരന്റെയും നിറം കാക്കി..ആ ഒളിവ് ജീവിതത്തില്‍ മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെ ആര്‍ക്ക് വേണ്ടി ജീവിക്കണം എന്ന ചിന്തയില്‍ അയാള്‍ ആത്മഹത്യ ചെയ്യുന്നു...
സിനിമ കണ്ടവര്‍ക്ക് അറിയാന്‍ മണിയന്‍ അവരെ കരയിപ്പിച്ചു കാണും...ജോജു മനോഹരമായി അത് ചെയ്തു..
2.മധുരം(സാബു)
ഏറെ സ്‌നേഹിച്ചു കല്യാണം കഴിച്ച പെണ്ണ്..കല്യാണം കഴിഞ്ഞു തൊട്ടടുത്ത ദിവസം ഒന്ന് ചെറുതായി വീഴുന്നു..അയാള്‍ അവളുമായി ആശുപത്രിയില്‍ പോകുന്നു..അവളെ അവിടെ അഡ്മിറ്റ് ചെയ്യുന്നു..ഇന്ന് മാറും നാളെ മാറും എന്ന പ്രതീക്ഷയില്‍ അയാള്‍ അവളെ നോക്കുന്നു..ശുഭ പ്രതീക്ഷ മാത്രം മനസില്‍ ഉള്ള സാബു ആശുപത്രിയില്‍ എത്തുന്ന മറ്റുള്ളവര്‍ക്ക് ആശ്വാസമായി മാറുന്നു..
അടുത്ത ആഴ്ച്ച അവള്‍ക്ക് ഭേദമാകും ഞങ്ങള്‍ പൊളിക്കും എന്ന് ഓരോ ആഴ്ചയും അയാള്‍ മറ്റുള്ളവരോട് പറയുന്നു..
വന്നിട്ട് 9 മാസമായിട്ടും അവള്‍ എണീറ്റില്ല എന്ന യാഥാര്‍ഥ്യം അയാള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല..
അവസാനം അവള്‍ ഒരിക്കലും എഴുന്നേല്‍ക്കില്ല എന്നയാള്‍ തിരിച്ചറിയുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആശുപത്രിയില്‍ അയാള്‍ പൊട്ടി തെറിക്കുന്നു..
പിന്നീട് ജീവിത കാലം മുഴുവന്‍ അവളെ പൊന്നു പോലെ നോക്കാന്‍ തീരുമാനിച്ചു സാബു ഭാര്യയുമായി വീട്ടിലേക്ക് മടങ്ങുന്നു..
3.ഫ്രീഡം ഫൈറ്റ്...(ബേബി)
60 വയസ് പിന്നിട്ട ബേബിചന് ഓര്‍മ കുറവുണ്ട്.. അല്‍ഷിമേഴ്സിന്റെ തുടക്കമാണ്..പ്രായം ഏറുമ്പോള്‍ ഉണ്ടാവുന്ന എല്ലാ വാശിയും ഉണ്ട്..ആരും സ്‌നേഹിക്കുന്നില്ല എന്ന പരാതിയുമുണ്ട്..
പുതുതായി വരുന്ന വേലക്കാരി അയാള്‍ക്ക് ഒരാശ്വാസം ആവുന്നു..അവള്‍ അയാള്‍ക്ക് പായസം ഉണ്ടാക്കി കൊടുക്കുന്നു..അയാള്‍ അവളെ വിളിച്ചു സഹായിയെയും കൂട്ടി ബാറില്‍ പോകുന്നു..
ഇതറിഞ്ഞ മക്കള്‍ വലിയ പ്രശ്‌നം ഉണ്ടാക്കുന്നു..
വേലക്കാരിയെ പറഞ്ഞു വിടാന്‍ ബേബിച്ചന്റെ ഭാര്യ നിര്ബന്ധിതയാകുന്നു..
ഇറങ്ങി പോകുന്ന വേലക്കാരിയോട് വൈകിട്ട് വരുമ്പോള്‍ ലഡ്ഡു വെടിച്ചോണ്ട് വരണം എന്നയാള്‍ പറയുന്നു..
ഒരിക്കലും തിരിച്ചു വരാത്ത അവരെ നോക്കി അയാള്‍ കാത്തിരിക്കുന്നു..
4.തുറമുഖം..
കുറച്ചു രംഗങ്ങള്‍ ഞാന്‍ കണ്ടതാണ്..സിനിമ ജൂണ് 3 നു കാണുമ്പോള്‍ നിങ്ങള്‍ക്കും ബോധ്യമാകും. സുദേവ് നായരെ കാലില്‍ വാരി നിലത്തടിക്കുന്ന ഒരു രംഗം..മുകളില്‍ വിവരിച്ച ആരുമല്ല അയാള്‍ അതില്‍..
നിവിന്‍ പോളിയുടെ അച്ഛന്‍ കഥാപാത്രം.
കുറച്ചു സമയമേ ഉള്ളു..
ഉള്ളത് പൊളിച്ചടുക്കി...
ഈ സിനിമകളില്‍ ഒന്നും തന്നെ ജോജു ഇല്ല.. മണിയനും.. സാബുവും, ബേബിയും ഒക്കെ ആണ്..ഇതൊന്നും അയാളുടെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത കഥാപാത്രങ്ങളും..
പുശ്ചിച്ച സമൂഹത്തെ നോക്കി ഒലിവര്‍ ട്വിസ്റ്റ് ചിരിക്കുമ്പോള്‍ നമുക്കൊരു സന്തോഷം തോന്നിയില്ലേ ആ ചിരി എനിക്കിപ്പോള്‍ ജോജു ചേട്ടനിലും കാണാം..