അഭിറാം മനോഹർ|
Last Modified ഞായര്‍, 3 മാര്‍ച്ച് 2024 (12:04 IST)
മലയാളി സിനിമാപ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് തുടരെ ഹൗസ്ഫുള്‍ ഷോകള്‍. പുതുതായി റിലീസ് ചെയ്ത ഗൗതം മേനോന്‍ ചിത്രമായ ജോഷ്വാ ഇമൈ പോല്‍ കാക, കാളിദാസ് ജയറാം അര്‍ജുന്‍ ദാസ് ചിത്രമായ പോര്‍ എന്നിവയ്‌ക്കൊന്നും തന്നെ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷനെ തൊടാന്‍ പോലും തമിഴ്‌നാട്ടിലായിട്ടില്ല. പ്രേമത്തിന് ശേഷം ഇതാദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് തമിഴകത്ത് നിന്ന് ഇത്രയും സ്വീകാര്യത ലഭിക്കുന്നത്.
വെള്ളിയാഴ്ച റിലീസ് ചെയ്ത ഗൗതം മേനോന്‍ സിനിമയ്ക്ക് ആദ്യ ദിനത്തില്‍ വെറും 30 ലക്ഷം രൂപയാണ് റിലീസ് ദിനസത്തില്‍ നേടാനായത്. രണ്ടാം ദിവസം ഇത് 50 ലക്ഷമായി. കാളിദാസ് അര്‍ജുന്‍ ദാസ് ചിത്രത്തിനും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ മുന്‍ ദിവസങ്ങളേതിനേക്കാള്‍ മികച്ച പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ചെന്നൈയില്‍ വമ്പന്‍ ഹിറ്റായിരുന്ന സിനിമ കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയ്ക്ക് പുറമെ കൊയമ്പത്തൂര്‍ അടക്കമുള്ള ഇടങ്ങളിലും മികച്ച ബുക്കിംഗാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ശനിയാഴ്ച ചെന്നൈയില്‍ മാത്രം സിനിമയുടെ 269 ഷോകളാണ് നടന്നത്.