അഭിറാം മനോഹർ|
Last Modified തിങ്കള്‍, 26 ഫെബ്രുവരി 2024 (16:54 IST)
ജാനേമന്‍ എന്ന സര്‍പ്രൈസ് ഹിറ്റിന് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമ റിലീസിന് മുന്‍പ് തന്നെ ചര്‍ച്ചാവിഷയമായിരുന്നു. പ്രേമലുവും ഭ്രമയുഗവും വന്‍ അഭിപ്രായങ്ങള്‍ നേടി മുന്നേറുമ്പോള്‍ റിലീസ് ചെയ്തിട്ടും മികച്ച കളക്ഷനാണ് കേരളത്തിനകത്തും പുറത്തും സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച എതിരാളികളെ മലര്‍ത്തിയടിച്ചുകൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കുതിപ്പ്.
റിലീസ് ദിനത്തിലല്ലാതെ ഒരു മലയാള സിനിമ നേടുന്ന മികച്ച കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഞായറാഴ്ച ഉണ്ടാക്കിയതെന്ന് സാക്‌നില്‍ക്.കോമിന്റെ കണക്കുകള്‍ പറയുന്നു. ആഭ്യന്തര ബോക്‌സോഫീസില്‍ 4.70 കോടി രൂപയാണ് ഞായറാഴ്ച ചിത്രം കളക്ട് ചെയ്തത്. ആഗോളതലത്തില്‍ 3 ദിവസം കൊണ്ട് 26 കോടി രൂപയായിരുന്നു സിനിമ നേടിയത്. നാല് ദിവസത്തില്‍ ഇത് 30 കോടി കടക്കുമെന്ന് ഉറപ്പായി. ഞായറാഴ്ച 71 ശതമാനം ഒക്യുപ്പെന്‍സിയാണ് സിനിമയ്ക്ക് ലഭിച്ചത്. മോണിംഗ് ഷോ 61%, മാറ്റിനി 76%, ഈവനിംഗ് ഷോ 77%, നൈറ്റ് ഷോ 68% എന്നിങ്ങനെയാണ് ഷോ തിരിച്ചുള്ള ഒക്യുപ്പെന്‍സി കണക്ക്.