മഞ്ഞുമ്മൽ ബോയ്സ് തലവര മാറ്റി, ചിദംബരത്തെ റാഞ്ചി ബോളിവുഡിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസ്, ഇനി കളി ഹിന്ദിയിൽ

chidambaram
അഭിറാം മനോഹർ| Last Modified ബുധന്‍, 17 ജൂലൈ 2024 (20:00 IST)
chidambaram
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലൂടെ ഹിറ്റ് സംവിധായകനെന്ന് പേരെടുത്ത സംവിധായകനാണ് ചിദംബരം. മലയാളത്തിന്റെ ആദ്യ 200 കോടി സിനിമയുടെ സംവിധായകനായ ചിദംബരം തമിഴില്‍ സിനിമയൊരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതിന് മുന്‍പ് തന്നെ സംവിധായകനെ റാഞ്ചിയിരിക്കുകയാണ് ബോളിവുഡ് പ്രൊദക്ഷന്‍സ് ഹൗസായ ഫാന്റം സ്റ്റുഡിയോസ്.


ചിദംബരത്തെ ബോളിവുഡില്‍ ലോഞ്ച് ചെയ്യുന്ന കാര്യം ഫാന്റം സ്റ്റുഡിയോസ് തന്നെയാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ അറിയിച്ചത്. അനന്യമായ വീക്ഷണവും കഥപറച്ചില്‍ ശേഷിയും കൊണ്ട് തെന്നിന്ത്യയില്‍ മുദ്ര പതിപ്പിച്ച ചിദംബരത്തിനൊപ്പം അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ ഭാഗമാകാന്‍ സാധിച്ചതില്‍ ആവേശമുണ്ടെന്ന് ഫാന്റം സ്റ്റുഡിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം സിനിമയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

മധു മണ്ടേന,അനുരാഗ് കശ്യപ്,വികാസ് ബാല്‍,വിക്രമാദിത്യ മോട്വാനെ എന്നിവര്‍ ചേര്‍ന്ന് 2010ലായിരുന്നു ഫാന്റം സ്റ്റുഡിയോസ് ആരംഭിച്ചത്. ലൂടേര,ക്വീന്‍,അഗ്ലി,എന്‍ എച്ച് 10,മസാന്‍,ഉഡ്താ പഞ്ചാബ്,രമണ്‍ രാഘവ്,ട്രാപ്പ്ഡ് തുടങ്ങി ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുള്ള ബാനറാണ് ഫാന്റം സ്റ്റുഡിയോസ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :