അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ജൂലൈ 2024 (19:04 IST)
കരിയറിന്റെ തുടക്കത്തില്‍ നേരിട്ട ദുരനുഭവങ്ങളെ പറ്റിയും വെല്ലുവിളികളെ പറ്റിയും തുറന്ന് പറഞ്ഞ് നടി മനീഷ കൊയ്രാള. ഫിലിം ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫറില്‍ നിന്നും ദുരനുഭവം ഉണ്ടായതായി മനീഷ കൊയ്രാള വ്യക്തമാക്കിയത്.
കരിയറിന്റെ ആരംഭകാലത്ത് ഫോട്ടോ എടുക്കാനായി പോവുമായിരുന്നു. അങ്ങനെയായിരുന്നു പ്രശസ്തനായ ആ ഫോട്ടോഗ്രാഫറെ കണ്ടുമുട്ടുന്നത്. അന്ന് അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ തന്നെ നീയാണ് അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നെല്ലാം അയാള്‍ പറയാന്‍ തുടങ്ങി. ഒരു ടു പീസ് ബിക്കിനി എനിക്കുനേരെ നീട്ടി. അത് ധരിച്ചുവരാനായി ആവശ്യപ്പെട്ടു. ബീച്ചിലോ നീന്താനോ പോകുമ്പോഴെ ഇതെല്ലാം ധരിക്കാറുള്ളു എന്ന് ഞാന്‍ പറഞ്ഞു. ഇതാണ് സിനിമയിലേക്കുള്ള വഴിയെങ്കില്‍ അത് വേണ്ടെന്നും ഫോട്ടോഷൂട്ടീന് ബിക്കിനി ധരിക്കില്ലെന്നും ഞാന്‍ പറഞ്ഞു.
കളിമണ്ണ് വിസമ്മതിക്കുകയാണെങ്കില്‍ എങ്ങനെയാണ് അതില്‍ നിന്നും ശില്പമുണ്ടാക്കുക എന്നതാണ് അയാള് ഇതിനോട് പറഞ്ഞ മറുപടി. അത് ഒരിക്കലും എനിക്ക് മറക്കാനാവില്ല. സിനിമയില്‍ തിരക്കേറിയതിന് ശേഷം ഇതേ ഫോട്ടോഗ്രാഫറെ വീണ്ടും കണ്ടെന്നും നിങ്ങള്‍ ഒരു വലിയ നിലയിലെത്തുമെന്ന് തനിക്കറിയാമായിരുന്നു
എന്നാണ് അന്ന് അയാള്‍ പറഞ്ഞതെന്നും നടി കൂട്ടിചേര്‍ത്തു.