മമ്മൂട്ടിയില്‍ നിന്ന് തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിലേക്ക്; ദി കിംഗിന് 26 വയസ്, മലയാളത്തിലെ എക്കാലത്തേയും സ്റ്റൈലിഷ് കഥാപാത്രം

രേണുക വേണു| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (11:29 IST)

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് ദ് കിങ്ങിലെ ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍. വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ആ കഥാപാത്രത്തിന്റെ സ്‌റ്റൈലും ലുക്കും ആരാധകരെ വിസ്മയിപ്പിക്കുന്നു. കിങ്ങിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വിവരിക്കാന്‍ വാക്കുകളില്ല. അത്രമേല്‍ സൂക്ഷ്മമായാണ് ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പില്‍ എന്ന കഥാപാത്രത്തിനു മമ്മൂട്ടി ജന്മം നല്‍കിയത്.

'മീശ മുളക്കാത്തവന്റെ വിപ്ലവ വിഭ്രാന്തികള്‍ക്ക് നിരുപാധികം മാപ്പ്'

ഓരോ കഥാപാത്രങ്ങള്‍ക്കും അവരുടേതായ സ്റ്റൈലുണ്ട്. ഒന്നുകില്‍ ആരാണോ കഥാപാത്രം അവതരിപ്പിക്കുന്നത് അയാളുടെ സ്റ്റൈലുകളെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവരാം. അല്ലെങ്കില്‍ കഥാപാത്രം ആവശ്യപ്പെടുന്ന സ്റ്റൈലുകളെ തന്റേതായ എല്ലാ ശൈലികളും ഉപേക്ഷിച്ചുകൊണ്ട് സ്വീകരിക്കുക. രണ്ടാമത് പറഞ്ഞ കാര്യത്തില്‍ മമ്മൂട്ടി പുലര്‍ത്തുന്ന സൂക്ഷ്മത ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. മെത്തേഡ് ആക്ടിങ്ങില്‍ സ്റ്റൈലിഷ്‌നെസിന് വലിയ പ്രാധാന്യമുണ്ട്. കഥാപാത്രങ്ങള്‍ക്ക് അത്തരമൊരു സ്റ്റൈലിഷ്‌നെസ് നല്‍കുന്നതില്‍ മമ്മൂട്ടി എന്നും അതീവ ശ്രദ്ധയുള്ള നടനാണ്. തൊണ്ണൂറുകളിലാണ് മമ്മൂട്ടി കഥാപാത്രങ്ങള്‍ അതിന്റെ പീക്കില്‍ നില്‍ക്കുന്നത്. സിനിമയിലെ കഥാപാത്രം ദുര്‍ബലമാകുമ്പോള്‍ മമ്മൂട്ടി മമ്മൂട്ടി മാത്രമായി അവശേഷിക്കുകയും കഥാപാത്രങ്ങള്‍ കരുത്തുള്ളവയാണെങ്കില്‍ മമ്മൂട്ടിയെന്ന വ്യക്തിയെ അതില്‍ കാണാതിരിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്.

മമ്മൂട്ടി കഥാപാത്രങ്ങളില്‍ ഈ സ്റ്റൈലിഷ്‌നെസ് ആഘോഷിക്കപ്പെട്ട ദ് ബെസ്റ്റ് ഏതെന്ന് ചോദിച്ചാല്‍ പെട്ടന്ന് ഒരു ഉത്തരം നല്‍കുക പ്രയാസമാണ്. എങ്കിലും ദ് കിങ്ങിലെ ജോസഫ് അലക്‌സ് തേവള്ളിപ്പറമ്പില്‍ വളരെ ഇഷ്ടപ്പെട്ട ഒരു പേഴ്‌സണല്‍ ചോയ്‌സ് ആണ്. ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തിനു ആവശ്യമായ സ്റ്റൈലിഷ്‌നെസ് അനായാസമാണ് മമ്മൂട്ടി പകര്‍ന്നാടിയത്. അതില്‍ തന്നെ ചില സീനുകള്‍ പ്രത്യേകം എടുത്താല്‍ ആ സ്റ്റൈലിഷ് അഭിനയത്തിലെ മടുപ്പിക്കാത്ത പുതുമ എന്താണെന്ന് പ്രേക്ഷകന് ബോധ്യപ്പെടും. ഗണേഷ് കുമാറിനോട് മമ്മൂട്ടി തന്റെ ഭൂതകാലത്തെ കുറിച്ച് വിവരിക്കുന്ന ഒരു സീനുണ്ട്. ഡയലോഗ് ഡെലിവറികൊണ്ട് മാത്രം പ്രേക്ഷകനോട് സംവദിക്കുന്ന സീന്‍. ഡയലോഗ് ഡെലിവറിയില്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ സിനിമ ഒന്നടങ്കം താഴെ വീഴാന്‍ സാധ്യതയുള്ള സീന്‍. നടക്കാവ് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ താന്‍ ജയിലിലാകുന്നതും പിന്നീട് പിതാവ് അലക്‌സാണ്ടര്‍ മുണ്ടുമുറുക്കിയിറങ്ങിയപ്പോള്‍ താന്‍ കുറ്റവിമുക്തനായതും ജോസഫ് അലക്‌സ് വിവരിക്കുകയാണ്. അതിനൊടുവില്‍ തനിക്ക് ജാമ്യം കിട്ടിയതിനെ ഒറ്റ വാക്കില്‍ ജോസഫ് അലക്‌സ് വിവരിക്കുന്നത് ഇങ്ങനെയാണ്; 'മീശ മുളക്കാത്തവന്റെ വിപ്ലവ വിഭ്രാന്തികള്‍ക്ക് നിരുപാധികം മാപ്പ്'

ഡയലോഗ് കൊണ്ട് മാത്രം മമ്മൂട്ടി ഞെട്ടിക്കുകയായിരുന്നു അവിടെ. ഒരു കഥാപാത്രത്തിന്റെ സ്റ്റൈലിഷ് പ്രസന്റേഷനില്‍ ഡയലോഗ് ഡെലിവറിക്ക് എത്രത്തോളം പ്രസക്തിയുണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കുകയായിരുന്നു. അതിനുശേഷം മുരളിയുടെ കഥാപാത്രത്തിനു ബില്‍ഡപ്പ് കൊടുക്കുന്നതു പോലും മമ്മൂട്ടിയാണ്...അതും ഒരൊറ്റ ഡയലോഗ് കൊണ്ട് ! 'ഉപജാപങ്ങളുടെ രാജകുമാരന്‍'

കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി നല്‍കിയ സ്റ്റൈലിഷ്‌നെസ് ഒരു സ്റ്റഡി ചാപ്റ്ററാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ദ് കിങ്ങില്‍ തന്നെ വാണി വിശ്വനാഥ് തന്റെ ഭൂതകാലത്തെ കുറിച്ച് മമ്മൂട്ടിയോട് പങ്കുവയ്ക്കുന്ന ഒരു രംഗമുണ്ട്. ഇരുവരും ഒരു കടല്‍ തീരത്ത് നില്‍ക്കുന്ന രംഗമാണ്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ആ സീന്‍ ഉള്ളത്. വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റങ്ങളെ ജോസഫ് അലക്‌സിനെ പോലൊരു മെയില്‍ ഷോവനിസ്റ്റ്, ബോള്‍ഡ് കഥാപാത്രത്തില്‍ പ്ലേസ് ചെയ്യുക അല്‍പ്പം കട്ടിയേറിയ കാര്യമായാണ് തോന്നിയത്. എന്നാല്‍, വാണി വിശ്വനാഥിന്റെ ഭൂതകാലം കേള്‍ക്കുന്ന ജോസഫ് അലക്‌സില്‍ കാണുന്ന നിസഹായതയില്‍ പോലും ഈസിനെസ് ഓഫ് സ്റ്റൈലിഷ്‌നെസ് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

കിങ് കഴിഞ്ഞാല്‍ മമ്മൂട്ടി തന്റെ കഥാപാത്രങ്ങള്‍ക്ക് നല്‍കിയ സ്റ്റൈലിഷ്‌നെസ് ഇന്നും പുതുമയോടെ കാണുന്നത് സിബിഐ സീരിസില്‍ ആണ്. അതിനേക്കാള്‍ ഞെട്ടല്‍ തോന്നുന്നത് സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തിന്റെ സ്റ്റൈലിഷ്‌നെസ് വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ പുതുമയോടെ നിലനിര്‍ത്താന്‍ മമ്മൂട്ടിക്ക് സാധിക്കുന്നതിലും !




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :