ബോസ് ഒരു ഒന്നൊന്നര പൊളി പൊളിക്കും, ഷൈലോക്ക് വേറെ ലെവൽ പടമാകുമെന്ന് ഉറപ്പ്!

എസ് ഹർഷ| Last Modified ബുധന്‍, 22 ജനുവരി 2020 (12:05 IST)
മമ്മൂട്ടിയുടെ മാസ് അവതാരം അവതരിക്കുകയാണ്. സൂപ്പർ എനർജിയുമായി ബോസ് ഈ മാസം 23ന് തിയേറ്ററുകളിലെത്തും. മാസും എന്റർ‌ടെയ്ന്മെന്റും കൂട്ടിച്ചേർത്ത ഷൈലോക്ക് എന്ന സിനിമയുമായിട്ടാണ് മമ്മൂട്ടിയുടെ ഈ വർഷം തുടങ്ങുന്നത്. അപാര എനർജി തന്നെയാണ് ഈ 68ആം വയസിലും അദ്ദേഹത്തിനുള്ളത്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്തുകൊണ്ടാണ് ഷൈലോക്ക് എന്ന് പേരിട്ടതെന്ന് പറയുകയാണ് സംവിധായകൻ. പക്കാ മാസ് ആക്ഷൻ എന്റർടെയ്നർ ആണ് ചിത്രം. ബോസ് എന്ന പലിശക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഷേക്സ്പിയര്‍ കഥകളിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായ ഷൈലോക്കിനെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമാണ് ബോസ്.

ചെറുപ്പത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവും മനസിൽ പേറി നടക്കുന്ന ആളാണ് ബോസ്. എന്നാല്‍ അത് നടന്നില്ല. പകരം സിനിമയ്ക്കായി നിർമാതാക്കൾക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബിസിനസ് തിരഞ്ഞെടുത്തു. സിനിമയെ വല്യ ഇഷ്ടമായതിനാൽ സിനിമാ ഡയലോഗുകളൊക്കെ പറയുന്ന ആള്‍ രസികനാണ്. എന്നാല്‍ കൊടുത്ത പണം കൃത്യമായി തിരിച്ചുകിട്ടിയില്ലെങ്കില്‍ ബോസ് പ്രശ്‌നക്കാരനാകും.

ചിത്രത്തില്‍ തമിഴ് നടന്‍ രാജ്‌കിരണ്‍ സുപ്രധാനമായ വേഷത്തിലെത്തും. മീനയാണ് നായിക. സമീപകാലത്ത് മമ്മൂട്ടി ഏറ്റവും ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിതെന്ന് പുറത്തിറങ്ങിയ ടീസറുകളില്‍ നിന്നുതന്നെ വ്യക്തമാകും. അപാര എനര്‍ജ്ജിയാണ് മമ്മൂട്ടിയുടേ ഓരോ ചലനത്തിനും. ബോസ് അവതരിക്കാൻ ഇനി വെറും 1 ദിവസം മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :