കാലത്തിനൊപ്പം സ്വയം പുതുക്കുന്ന നടന്‍; 'പുഴു'വിലെ കുട്ടന്‍ മമ്മൂട്ടിയുടെ അസാധ്യ പകര്‍ന്നാട്ടം

Mammootty in Puzhu" width="600" />
രേണുക വേണു| Last Modified വെള്ളി, 13 മെയ് 2022 (08:53 IST)
 

കയ്യടി നേടി രത്തീന സംവിധാനം ചെയ്ത 'പുഴു'വിലെ മമ്മൂട്ടി കഥാപാത്രം. പ്രിയപ്പെട്ടവര്‍ കുട്ടന്‍ എന്ന് വിളിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് പുഴുവിലെ മമ്മൂട്ടി. സ്വന്തം ജാതിയില്‍ ഊറ്റം കൊള്ളുന്ന ഒരു മനുഷ്യന്‍. അതിലുപരി വളരെ ടോക്‌സിക് ആയി ജീവിച്ചുപോരുന്ന വ്യക്തി. 
 
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു പുഴുവിനെ പോലെ പ്രേക്ഷകന്റെ ദേഹത്ത് അരിച്ച് അരിച്ച് നീങ്ങുകയാണ് മമ്മൂട്ടി കഥാപാത്രം. അത് പ്രേക്ഷകരിലുണ്ടാക്കുന്ന അസ്വസ്ഥത കുറച്ചൊന്നുമല്ല. സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ മമ്മൂട്ടി കഥാപാത്രത്തെ ഭൂമിയോളം വെറുക്കുന്നു. അയാള്‍ മരിച്ചു പോയിരുന്നെങ്കിലെന്ന് ആകാശത്തോളം ആഗ്രഹിക്കുന്നു. അവിടെയാണ് മമ്മൂട്ടിയെന്ന നടന്‍ കാലത്തിനൊപ്പം സ്വയം അപ്‌ഡേറ്റ് ചെയ്തത് അതിന്റെ പരമാവധിയില്‍ പ്രേക്ഷകര്‍ കാണുന്നത്. 
 
മമ്മൂട്ടിയെന്ന നടന്റെ അസാധ്യ പ്രകടനമാണ് പുഴുവിന്റെ നട്ടെല്ല്. സ്വയം രാകിമിനുക്കാന്‍ യാതൊരു മടിയുമില്ലെന്ന് 70 പിന്നിട്ട മമ്മൂട്ടി വീണ്ടും വീണ്ടും പറയുമ്പോള്‍ അത് പൊള്ളയായ വാക്കല്ല. മറിച്ച് സ്വയം രാകിമിനുക്കലിന് പരുവപ്പെടാന്‍ ഏതറ്റം വരെയും പോകാമെന്ന് അയാള്‍ പ്രേക്ഷകന് കാണിച്ചു തരുന്നുണ്ട്. അതാണ് പുഴുവില്‍ കാണുന്നതും ! ഒരേസമയം താന്‍ നായകനാണെന്നും പ്രതിനായകനാണെന്നും പ്രേക്ഷകനെ കബളിപ്പിക്കും വിധം തോന്നിപ്പിക്കുന്നുണ്ട് മമ്മൂട്ടിയിലെ അസാധ്യ നടന്‍. അതിന് അയാള്‍ക്ക് ഡയലോഗുകള്‍ പോലും ആവശ്യമില്ല. ചില സമയത്ത് ചേഷ്ടകള്‍ കൊണ്ട്, ചില സീനുകളില്‍ നോട്ടം കൊണ്ട്, ചിലയിടത്ത് ശരീരഭാഷ കൊണ്ട്...., 


 
 


'മമ്മൂട്ടിയുടെ കഥാപാത്രം അനുഭവിക്കുന്ന ഇന്‍സെക്യൂരിറ്റിയും ഭയവും ആകുലതകളും പ്രേക്ഷകന്‍ മനസ്സിലാക്കുന്നു, അതേസമയം തന്നെ ആ കഥാപാത്രത്തിനിട്ട് രണ്ട് പൊട്ടിക്കണമെന്ന് ചില സമയത്ത് തോന്നുകയും ചെയ്യുന്നു' ഇതിനപ്പുറം മമ്മൂട്ടിയുടെ പുഴുവിലെ കഥാപാത്രത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ക്ലൈമാക്സ് രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം അസാധ്യം, അവര്‍ണ്ണനീയം ! 
 
വളരെ ലൗഡ് ആയ കഥാപാത്രങ്ങള്‍ എങ്ങനെ അവിസ്മരണീയമാക്കണമെന്ന് മമ്മൂട്ടിക്ക് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയാള്‍ അത് പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധം സ്‌ക്രീനില്‍ കാണിച്ചു തന്നിട്ടുണ്ട്. എന്നാല്‍, സിനിമ കൂടുതല്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ട ഈ ആധുനിക കാലത്ത് ലൗഡ് ആയ പെര്‍ഫോമന്‍സിനെ പോലെ വളരെ സട്ടിലായ പെര്‍ഫോമന്‍സിന് എത്രത്തോളം സ്‌കോപ്പുണ്ടെന്ന് മമ്മൂട്ടിക്ക് നന്നായിട്ടറിയാം. അതുകൊണ്ട് തന്നെയാകും പുഴുവിലെ ഈ കഥാപാത്രത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ യെസ് പറഞ്ഞത്. 


 
 



അത്രത്തോളം മിനിമലായും സട്ടിലായും പെര്‍ഫോം ചെയ്യേണ്ട കഥാപാത്രമായിരുന്നു പുഴുവില്‍ മമ്മൂട്ടിയുടേത്. അതിനെ മാക്‌സിമത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. കുറച്ചൊന്ന് പാളിപ്പോയാല്‍ സിനിമയുടെ ഒഴുക്കിനെ തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നിരിക്കെയാണ് അനായാസം മമ്മൂട്ടി ഈ കഥാപാത്രം പകര്‍ന്നാടിയത്. 
 
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :