34 വര്‍ഷം മുന്‍പ് മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്നു വിളിച്ച് കൊച്ചിന്‍ ഹനീഫ, പടങ്ങള്‍ പൊട്ടിയതുകൊണ്ടാണ് നിര്‍മാണം നിര്‍ത്തിയതെന്ന് ഇന്നസെന്റ്; അപൂര്‍വ വീഡിയോ
രേണുക വേണു|
Last Modified ശനി, 12 ജൂണ്‍ 2021 (13:46 IST)
ഒരുകാലത്ത് മലയാളത്തിലെ സിനിമാ താരങ്ങള്‍ വിദേശത്ത് പോയി സ്റ്റേജ് ഷോ അവതരിപ്പിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. വിദേശ മലയാളികള്‍ക്ക് കലാവിരുന്ന് ഒരുക്കുകയായിരുന്നു ഇത്തരം സ്‌റ്റേജ് ഷോസിലൂടെ ഉദ്ദേശിച്ചിരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സ്‌റ്റേജ് ഷോയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ മലയാള സിനിമയിലെ താരങ്ങള്‍ 1987 ല്‍ ഖത്തറില്‍ അവതരിപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ നൈറ്റ് സ്റ്റേജ് ഷോയിലെ ഏതാനും രംഗങ്ങളാണ് വീഡിയോയിലുള്ളത്.
34 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ സ്റ്റേജ് ഷോയില്‍ മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്നുവിളിച്ചാണ് നടന്‍ കൊച്ചിന്‍ ഹനീഫ അഭിസംബോധന ചെയ്യുന്നത്. മമ്മൂട്ടിയെ നായകനാക്കി കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമായിരുന്നു ആണ്‍കിളിയുടെ താരാട്ട്. ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഹനീഫ് മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്നു വിശേഷിപ്പിക്കുന്നത്.
എന്തിനാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന് ചോദിക്കുന്ന മമ്മൂട്ടിക്ക് 'അറിയില്ല' എന്ന് മറുപടി നല്‍കുന്ന ശ്രീനിവാസനെയും സിനിമ നിര്‍മാണം നിര്‍ത്തിയത് എന്തിനാണെന്ന് ചോദിക്കുന്ന മമ്മൂട്ടിക്ക് 'പടങ്ങളെല്ലാം പൊട്ടിപാളീസയതുകൊണ്ടാണ് നിര്‍മാണം നിര്‍ത്തി'യതെന്ന് മറുപടി നല്‍കുന്ന ഇന്നസെന്റിനെയും വീഡിയോയില്‍ കാണാം.