അനു മുരളി|
Last Modified ശനി, 25 ഏപ്രില്‍ 2020 (16:48 IST)
പ്രശസ്ത ചലചിത്ര- സീരിയൽ നടൻ രവി വള്ളത്തോളിന്റെ വിയോഗവാർത്തയിൽ വേദന അറിയിച്ച് നടൻ മമ്മൂട്ടി. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവിയെന്ന് മമ്മൂട്ടി കുറിച്ചു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നുവെന്ന് മമ്മൂട്ടി കുറിച്ചു.
തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്ന
രവി വള്ളത്തോൾ അസുഖബാധിതനായി ഏറെ കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
'രവി വള്ളത്തോളിന്റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍' - മമ്മൂട്ടി കുറിച്ചു.