എല്ലാ സീനിലും അടി പ്രതീക്ഷിക്കരുത്, ഇമോഷണല്‍ ഡ്രാമ കൂടിയാണ്; മലൈക്കോട്ടൈ വാലിബനെ കുറിച്ച് ടിനു പാപ്പച്ചന്‍

രേണുക വേണു| Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (15:33 IST)

മലയാളികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തെ കുറിച്ച് മലൈക്കോട്ടൈ വാലിബനില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മലൈക്കോട്ടൈ വാലിബന്‍ ഒരു ഇമോഷണല്‍ ഡ്രാമ കൂടിയാണെന്ന് ടിനു പറഞ്ഞു. ' മലൈക്കോട്ടൈ വാലിബന്‍ ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റ് ആയിരിക്കും. മലയാള സിനിമ കാണാത്ത തരത്തിലുള്ള വിഷ്വല്‍ ട്രീറ്റായിരിക്കും അത്. പക്ഷേ എല്ലാ സീനിലും അടിയാണെന്ന് വിചാരിക്കരുത്. കാരണം അതിലൊരു ഇമോഷണല്‍ ഡ്രാമയുണ്ട്. ഇമോഷണലി കൂടി ട്രാവല്‍ ചെയ്യുന്ന സിനിമയാണ്. പക്ഷേ മാസീവ് ആയ സീക്വന്‍സ് ഉണ്ട്. എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും,' ടിനു പാപ്പച്ചന്‍ പറഞ്ഞു.

ലാല്‍ സാറിന്റെ ഗംഭീര പെര്‍ഫോമന്‍സുള്ള സിനിമയാണ്. അത് മാസായാലും ക്ലാസായാലും ! കംപ്ലീറ്റ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണെങ്കിലും പക്ഷേ ലാല്‍ സാറിന്റെ പെര്‍ഫോമന്‍സ് ഒന്നൊന്നര പൊളിയാണ് - ടിനു കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :