അഭിറാം മനോഹർ|
Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (21:57 IST)
സമ്മിശ്രമായ പ്രതികരണമാണ് കേരളത്തിൽ നിന്നും ലഭിക്കുന്നതെങ്കിലും 500 കോടി നേട്ടവും പിന്നിട്ട് ബോക്സോഫീസിൽ കുതിക്കുകയാണ് ലിയോ. ചിത്രത്തിലെ വിജയുടെ പ്രകടനം വലിയ രീതിയിൽ പ്രശംസിക്കപ്പെടുമ്പോൾ സിനിമയിൽ സർപ്രൈസായെത്തിയ മഡോണ സെബാസ്റ്റ്യൻ അവതരിപ്പിച്ച എലിസ ദാസെന്ന വേഷവും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിൽ വിജയുടെ ഇരട്ടസഹോദരിയായായിരുന്നു മഡോണ വേഷമിട്ടത്. ഇപ്പോഴിതാ സിനിമയിൽ എന്തുകൊണ്ട് മഡോണയെ കാസ്റ്റ് ചെയ്തെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
മഡോണയെ ഒരു നടി എന്ന നിലയിൽ പണ്ടേ ഇഷ്ടമാണെന്നും വിജയ് അണ്ണൻ്റെ ഉയരം, ഡാൻസ് എന്നിവയുമായെല്ലാം ചേർന്ന് നിൽക്കുന്ന ഒരാളെന്ന ആലോചനയിലാണ് മഡോണയുടെ പേര് വന്നതെന്നും ലോകേഷ് പറയുന്നു. എന്തുകൊണ്ട് ഇരട്ടസഹോദരന് പകരം സഹോദരിയായി എന്നതിനും ലോകേഷ് ഉത്തരം നൽകുന്നു. ഇരട്ടസഹോദരൻ എന്നത് പല സിനിമയിലും നമ്മൾ കണ്ടിട്ടുള്ളതാണ്. പാർഥിപൻ, ലിയോ എന്നിവർക്കൊപ്പം മറ്റൊരു വേഷം കൂടിയെത്തിയാൽ അത് പ്രേക്ഷകർക്ക് കൺഫ്യൂഷനുണ്ടാക്കും. സിനിമ പാർഥിപനും ലിയോയും തമ്മിലുള്ള സംഘർഷത്തിലേക്ക് ചുരുക്കണമായിരുന്നു. ലോകേഷ് പറയുന്നു.