കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 22 ജൂലൈ 2020 (14:15 IST)
‘സൺഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗർണമിയും' എന്നീ ചിത്രങ്ങൾക്കുശേഷം സംവിധായകൻ ജിസ് ജോയ് നടൻ കുഞ്ചാക്കോ ബോബനൊപ്പം ഒരു ചിത്രം ചെയ്യുവാൻ ഒരുങ്ങുകയാണ്. ‘മോഹൻകുമാർ ഫാൻസ്' എന്നു പേരു നൽകിയിട്ടുളള ചിത്രം കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടും എന്നാണ് ജിസ് ജോയ് പറയുന്നത്.
സംവിധായകൻ പറയുന്നതനുസരിച്ച്, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന രീതിയിലാണ് സിനിമയൊരുക്കുന്നത്. അങ്ങനെയാണെങ്കിൽ ഉദയനാണ് താരം എന്ന ചിത്രം പോലെ വിശാലമായ ശ്രേണിയിലുള്ള പ്രേക്ഷകരെ തൃപ്‌തിപ്പെടുത്തുന്ന തരത്തിലായിരിക്കും ഈ ചിത്രം. ബോബി-സഞ്ജയ് ആണ് ഈ ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. തിരക്കഥ, സംഭാഷണം, ഗാനരചന ജിസ് ജോയ്.
ശ്രീനിവാസൻ, മുകേഷ്, ടി ജി രവി, രമേശ് പിഷാരടി, ശ്രീകാന്ത് മുരളി, സേതുലക്ഷ്മി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
മോഹൻകുമാർ ഫാൻസിൽ ഏഴു ഗാനങ്ങളുണ്ട്. പ്രിൻസ് ജോർജ്ജാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്.