55മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനുമുള്ള അവാര്‍ഡുകള്‍ ഒഴിവാക്കിയ ജൂറി നടപടിക്കെതിരെ പ്രതിഷേധം. കുട്ടികള്‍ക്കായുള്ള നല്ല സിനിമകളുണ്ടായിരുന്നില്ലെന്ന ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ വാക്കുകള്‍ക്കെതിരെ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ എന്ന സിനിമയുടെ സംവിധായകനും നടനുമാണ് രംഗത്ത് വന്നത്.
കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായി വന്ന സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ എന്ന സിനിമയുടെ സംവിധായകന്‍ വിനേഷ് വിശ്വനാഥും സിനിമയുടെ സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്മഥനുമാണ് പ്രതിഷേധം അറിയിച്ചത്. മികച്ച ബാലതാരത്തിന് അര്‍ഹമായ എന്‍ട്രികളൊന്നുമില്ലാത്ത ലോകത്ത് അവര്‍ തലയുയര്‍ത്തി നില്‍ക്കുന്നു എന്നായിരുന്നു സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ വിനേഷ് വിശ്വനാഥ് കുറിച്ചത്.
അര്‍ഹരായ ബാലതാരങ്ങളൊന്നുമില്ലെന്ന് ജൂറി തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നല്ല പെര്‍ഫോമന്‍സുകള്‍ കാഴ്ചവെച്ച ബാലതാരങ്ങള്‍ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോള്‍ പറയണമെന്ന് തോന്നി എന്നാണ് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ആനന്ദ് മന്മഥന്‍ കുറിച്ചത്.ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായ സിനിമയെ എന്തുകൊണ്ട് കണ്ടില്ല എന്നതാണ് വിഷമമുണ്ടാക്കിയതെന്നും അവാര്‍ഡില്ലെങ്കിലും കുട്ടികളുടെ അഭിനയത്തെ പറ്റി പരാമര്‍ശിക്കുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ആനന്ദ് മന്മഥന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സോഷ്യല്‍ മീഡിയയും ജൂറിയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.