അഭിറാം മനോഹർ|
Last Modified വെള്ളി, 5 ജനുവരി 2024 (18:17 IST)
2023 തമിഴ് സിനിമയെ സംബന്ധിടത്തോളം മികച്ച വര്‍ഷമായിരുന്നു. വലിയ വിജയങ്ങള്‍ക്കൊപ്പം തന്നെ മികച്ച സിനിമകളെന്ന് പേരെടുത്ത ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ തമിഴ് സിനിമയ്ക്ക് കഴിഞ്ഞ വര്‍ഷം സാധിച്ചിരുന്നു. 2024ലേക്ക് കടക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം പ്രതീക്ഷയുള്ള ഒരുപറ്റം വേറെയും സിനിമകള്‍ തമിഴകത്ത് നിന്നും വരാനുണ്ട്. ഇതില്‍ തന്നെ ഏറെ പ്രതീക്ഷ ഉയര്‍ത്തുന്ന ലൈനപ്പാണ് തമിഴ് സൂപ്പര്‍ താരമായ കമല്‍ഹാസനുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ശങ്കര്‍, മണിരത്‌നം എന്നീ സംവിധായകര്‍ക്കൊപ്പം കമല്‍ഹാസന്‍ ഒന്നിക്കുന്നു എന്നത് തന്നെ 2024നെ കമല്‍ ആരാധകര്‍ക്ക് പ്രിയങ്കരമാക്കുന്നു.
2022ല്‍ പുറത്തിറങ്ങിയ വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം 2023ല്‍ കമല്‍ഹാസന്‍ ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ 2024ല്‍ താരത്തിന്റെ 2 ചിത്രങ്ങള്‍ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28 ലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇതില്‍ പ്രധാനപ്പെട്ടത്. കമല്‍ഹാസനൊപ്പം സിദ്ധാര്‍ഥ്,കാജല്‍ അഗര്‍വാള്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അതേസമയം 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ നായകന്‍ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒരുമിക്കുന്ന തഗ് ലൈഫ് എന്ന ചിത്രവും 2024ല്‍ പുറത്തിറങ്ങിയേക്കും. നടനെന്ന നിലയിലും താരമെന്ന നിലയിലും കമല്‍ഹാസന് മൈലേജ് സമ്മാനിക്കുന്നതാകും ഇരുചിത്രങ്ങളും എന്നത് ഉറപ്പാണ്. നായകന് ശേഷം കമലും മണിരത്‌നവും ഒന്നിക്കുമ്പോള്‍ ക്ലാസിക്കില്‍ കുറഞ്ഞ സിനിമാ അനുഭവമൊന്നും തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. നിര്‍മാതാവെന്ന നിലയില്‍ രാജ്കമല്‍ പിക്‌ചേഴ്‌സിന്റേതായി സിലമ്പരസന്‍ ചിത്രവും വിക്രം ചിത്രവും ശിവകാര്‍ത്തികേയന്‍ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തഗ് ലൈഫ് എന്ന സിനിമ പൂര്‍ത്തിയാക്കിയാല്‍ എച്ച് വിനോദിനൊപ്പമാകും കമല്‍ഹാസന്‍ ചിത്രം ഒരുങ്ങുക.