'എഴുപത്തിരണ്ടു പേരിലെ ഇരുപത്തിയൊന്ന് പേരുടെ ശബ്ദം അത്ര ചെറുതല്ല';കൂടുതല്‍ ആത്മവിശ്വാസം തരുന്നുവെന്ന് ജോയ് മാത്യു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (11:29 IST)
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അധ്യക്ഷനായി ബാലചന്ദ്രന്‍ ചുള്ളിക്കാടിനൊപ്പം ജോയ് മാത്യുവും മത്സരിച്ചിരുന്നു. 72 ല്‍ 50 വോട്ടുകളും നേടി ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയിക്കുകയും ജോയ് മാത്യു പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമായിരുന്നു ജോയ് മാത്യുവിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍.കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയല്‍വീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതോ ലോറിയില്‍ ടണ്‍കണക്കിന് ലഹരി വസ്തുക്കള്‍ കടത്തിയതോ അല്ല എന്റെ ക്രൂശീകരണത്തിനു കാരണമെന്നും നേരിനൊപ്പം നിന്നു തോല്‍ക്കുന്നതാണ് ഇഷ്ടമെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ വാക്കുകള്‍
ജനാധിപത്യം എന്ന് കേള്‍ക്കുമ്പോള്‍ പാര്‍ട്ട്യാധിപത്യം എന്ന് തെറ്റിദ്ധരിച്ചുപോയ കമ്മിക്കുഞ്ഞുങ്ങള്‍ ഞാന്‍ സിനിമ എഴുത്ത് തൊഴിലാളി യൂണിയന്‍ (ഫെഫ്ക)യില്‍ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു.എതിരാളി ശക്തനും പ്രതിഭാധനനും ദീര്‍ഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാന്‍ പാടില്ലാത്ത സംഘടനയല്ല എന്നും
എതിര്‍ ശബ്ദങ്ങള്‍, അത് തീരെച്ചെറുതാണെങ്കില്‍പ്പോലും കേള്‍പ്പിക്കണം എന്നുമുള്ള ഉദ്ദേശത്തില്‍ തന്നെയാണ് .
ആ അര്‍ത്ഥത്തില്‍ എഴുപത്തിരണ്ടു പേരിലെ ഇരുപത്തിയൊന്ന് പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തരികയാണ് ചെയ്തത്.

കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ
അയല്‍വീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതോ
ലോറിയില്‍ ടണ്‍കണക്കിന് ലഹരി വസ്തുക്കള്‍ കടത്തിയതോ അല്ല എന്റെ
ക്രൂശീകരണത്തിനു കാരണം.ഞാന്‍ എന്റെ സ്വന്തം ശബ്ദം കേള്‍പ്പിക്കുന്നു;
അതിനെ പിന്തുണയ്ക്കാന്‍ ആളുകളുണ്ട് എന്നതു മാത്രമാണ്.
വിജയിക്കുന്ന യുദ്ധത്തില്‍ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്.യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം.ജയപരാജയങ്ങള്‍
രണ്ടാമതാണ്.അതിനാല്‍ കമ്മി കൃമികളേ ലഹരി വസ്തുക്കള്‍ക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ .അതിനായി നാലക്ഷരം വായിക്കൂ

പുസ്തകം കൈകൊണ്ട് തൊടാത്ത കമ്മിക്കുഞ്ഞുങ്ങള്‍ക്ക്
ഇത് സമര്‍പ്പിക്കുന്നു.

'ഭൂരിപക്ഷത്തിന്‍ വരം നേടും ജയത്തേക്കാള്‍
നേരിനൊപ്പം നിന്നു തോല്‍ക്കുന്നതാണെനിക്കിഷ്ടം'

- വിഷ്ണുനാരായണന്‍ നമ്പൂതിരി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :