കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 29 ജൂണ്‍ 2023 (09:06 IST)
ലോഹിതദാസിന്റെ അവസാനത്തെ രണ്ട് വര്‍ഷങ്ങള്‍ അദ്ദേഹവുമായി അടുക്കാന്‍ കഴിഞ്ഞത് ജീവിത പുണ്യമായി കാണുന്നുവെന്ന് സംവിധായകന്‍ ജിസ് ജോയ്.തന്നെ ഏറ്റവും അധികം ഉലച്ചിട്ടുള്ളത് മലയാള സിനിമയില്‍ നിന്നുള്ള മൂന്നുപേരുടെ വേര്‍പാടാണെന്നും അതിലൊന്ന് ലോഹി സാറിന്റെ താണെന്നും സംവിധായകന്‍ പറയുന്നു.ചക്രം സിനിമയുടെ ഡബ്ബിങ് മുതല്‍ തുടങ്ങിയ ബന്ധം ഊഷ്മളമാകുന്നത് ചക്കരമുത്തിന്റെ ഡബ്ബിങ് ദിനങ്ങളിലാണെന്നും ജിസ് ജോയ് പറയുന്നുണ്ട്.
"ആ ഞായറാഴ്ച ഞാന്‍ മറക്കില്ല. മലയാള സിനിമയില്‍ നിന്നുള്ള മൂന്നുപേരുടെ വേര്‍പാടാണ് എന്നെ ഏറ്റവുമധികം ഉലച്ചിട്ടുള്ളത് . ഗിരീഷ് പുത്തഞ്ചേരി ജോണ്‍സന്‍ മാസ്റ്റര്‍ പിന്നെ ലോഹി സര്‍. . അവസാനത്തെ രണ്ടുവര്‍ഷങ്ങള്‍ സാറുമായി ഏറെ അടുക്കാന്‍ കഴിഞ്ഞത് ജീവിത പുണ്യമായി ഞാന്‍ കാണുന്നു. ഇടയ്‌ക്കെങ്കിലും രാത്രി വൈകിയുള്ള ഫോണ്‍ വിളി.. സങ്കടം പറച്ചില്‍. . മറുതലക്കല്‍ ഞാന്‍ ഓര്‍ക്കും എന്നോടിങ്ങനെ മനസ്സ് തുറക്കാന്‍ മാത്രം എനിക്കെന്ത് പ്രത്യേകത. .എന്ത് അര്‍ഹത. ഇന്നും അതിനു ഉത്തരമില്ല. . അദ്ദേഹം കൊടുമുടി. .ഞാനൊരു കുഞ്ഞു താഴ്വര. എന്നിട്ടും.....! ! അതൊരു വാത്സല്യത്തിന്റെ കവിഞ്ഞൊഴുക്കായി മാത്രേ കാണാന്‍ കഴിയു... ചക്രം സിനിമയുടെ ഡബ്ബിങ് മുതല്‍ തുടങ്ങിയ ബന്ധം ഊഷ്മളമാകുന്നത് ചക്കരമുത്തിന്റെ ഡബ്ബിങ് ദിനങ്ങളിലാണ്. മലയാളിയുടെ മനസ്സിന്റെ ഏറ്റവും ലളിതവും എന്നാല്‍ അത്രമേല്‍ സങ്കീര്‍ണ്ണവുമായ കാണപ്പുറങ്ങള്‍ എഴുതിവെച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രതിഭ, നമ്മുടെ പ്രിയപ്പെട്ട ലോഹി സാറിന്റെ ഓര്‍മ്മദിനമാണ്",-ലോഹിതദാസിന്റെ ഇഷ്ടപ്പെട്ട കഥാപാത്രവും ഇഷ്ട സംഭാഷണവും ഏതാണെന്നും ഓര്‍മ്മയില്‍ വരുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ജിസ് ജോയ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.