Jailer First Day Collection: റെക്കോർഡുകൾ തിരുത്തിയെഴുതി ബോക്സോഫീസിൽ തലൈവർ വിളയാട്ടം, ജയിലർ ആദ്യ ദിനത്തിൽ നേടിയത്

അഭിറാം മനോഹർ| Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (12:07 IST)
തമിഴകം ഇപ്പോള്‍ തലൈവര്‍ അലപ്പറെയുടെ മുഴക്കത്തിലാണ്. ഏറെ നാളുകള്‍ക്ക് ശേഷം ആരാധകരെയും കുടുംബങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒരു തലൈവര്‍ റിലീസായതോടെ ആഘോഷത്തോടെയാണ് തമിഴകം അത് ഏറ്റുവാങ്ങിയിരിക്കുന്നത്. തലൈവര്‍ക്കൊപ്പം കന്നഡ സൂപ്പര്‍ താരം ശിവ്‌രാജ് കുമാറും മലയാളത്തിന്റെ സ്വന്തം ലാലേട്ടനും മാസ് വിസ്മയം തീര്‍ത്തതോടെ തെന്നിന്ത്യയാകെ ചിത്രം ആളിപ്പടരുകയാണ്.

തമിഴ്‌നാട്ടില്‍ ആദ്യ ദിനത്തില്‍ തന്നെ 29.46 കോടി രൂപയാണ് രജനീകാന്ത് ചിത്രം നേടിയിരിക്കുന്നത്. 2023ലെ ഏറ്റവും വലിയ വിജയമാണിത്. നേരത്തെ അജിത് ചിത്രമായ തുനിവ് ആദ്യദിനത്തില്‍ 24.59 കോടി രൂപ കളക്ട് ചെയ്തിരുന്നു. അതേസമയം കേരളത്തില്‍ വാരിസിന്റെ ആദ്യ ദിന കളക്ഷന്‍ ബ്രേയ്ക്ക് ചെയ്ത് തലൈവര്‍ കളം നിറഞ്ഞു. അടിമുടി തലൈവര്‍ ചിത്രമായി ഇറങ്ങിയ ചിത്രത്തിന് മികച്ച റിപ്പോര്‍ട്ട് വന്നതോടെ തമിഴകത്തെ പല റെക്കോര്‍ഡുകളും ചിത്രം തകര്‍ക്കുമെന്ന് ഉറപ്പായി.

റിലീസ് ചെയ്ത തിയേറ്ററുകളിൽ 90 ശതമാനം ഒക്ക്യുപ്പെൻസി ചിത്രത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്. ലോകമെങ്ങുമായി 72 കോടി രൂപയാണ് ചിത്രം ആദ്യ ദിനത്തിൽ നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 52 കോടി രൂപ ചിത്രം ആദ്യദിനത്തിൽ സ്വന്തമാക്കി. കേരളത്തിൽ നിന്നും ആദ്യ ദിനത്തിൽ 6 കോടിയും തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നും 10 കോടിയും കർണാടകയിൽ നിന്നും 10 കോടിയുമാണ് ചിത്രം കളക്ട് ചെയ്തത്.

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍, വസന്ത് രവി,വിനായകന്‍,സുനില്‍ കിഷോര്‍,തമന്ന എന്നിവരടക്കം വലിയ താരനിരയാണുള്ളത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അനിരുദ്ധിന്റെ ബിജിഎമ്മും കൂടിചേരുമ്പോള്‍ തിയേറ്ററുകള്‍ ആവേശകടലാവുകയാണ്. നിമിഷങ്ങള്‍ മാത്രമെ സ്‌ക്രീനില്‍ ഉള്ളുവെങ്കിലും മോഹന്‍ലാലും ശിവ്‌രാജ് കുമാറും ഞെട്ടിച്ചതായും ആരാധകര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :