അഭിറാം മനോഹർ|
Last Modified വെള്ളി, 5 ഡിസംബര്‍ 2025 (11:50 IST)
സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് നടി രസിക ദുഗല്‍. പ്രൊപ്പഗണ്ടാ സിനിമകളുടെയും തന്റെ രാഷ്ട്രീയവുമായി ചേര്‍ന്ന് നില്‍ക്കാത്ത സിനികളുടെയും ഭാഗമാകാന്‍ താല്പര്യമില്ലെന്നും രസിക പറഞ്ഞു. വീ ദ വിമണ്‍ ഏഷ്യാ ഇവന്റില്‍ സംസാരിക്കുകയായിരുന്നു രസിക.
സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളിലും പ്രൊപ്പഗാണ്ട സിനിമകളിലും ഞാന്‍ അഭിനയിക്കില്ല. അത് രണ്ടും എനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. രസിക പറഞ്ഞു. പിന്നാലെ ആനിമല്‍ പോലുള്ള സിനിമകളില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. എന്റെ രാഷ്ട്രീയവുമായി ചേര്‍ന്ന് നില്‍ക്കാത്ത കഥാപാത്രത്തെ ഞാന്‍ അവതരിപ്പിക്കും. അതില്‍ സന്തോഷമെയുള്ളു.
ജീവിതത്തില്‍ ഞാന്‍ ബീന ത്രിപാഠിയെ പോലെ ആളുകളെ കൊല്ലുകയോ പുരുഷന്മാരെ മുതലെടുക്കുകയോ ചെയ്യുന്ന ആളല്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. അതിന് വേണ്ടിയാണ് ഞാന്‍ അഭിനയിക്കുന്നത് തന്നെ. പക്ഷേ സിനിമ അതെന്റെ രാഷ്ട്രീയവുമായി ചേര്‍ന്ന് നില്‍ക്കണം എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. രസിക പറഞ്ഞു.
അതേസമയം മിര്‍സാപൂര്‍ പോലൊരു സീരീസ് ചെയ്ത ഒരാള്‍ ആനിമലിനെ പോലൊരു സിനിമ ചെയ്യില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്. ആനിമലിനേക്കാള്‍ സ്ത്രീവിരുദ്ധമാണ് മിര്‍സാപൂരെന്നും സോഷ്യല്‍ മീഡിയ പറയുന്നു.