കൈതി 2, ഇന്ത്യൻ 2,വിടുതലൈ 2, പുഷ്പ 2 കൂടെ ലിയോ 2? : 2024ൽ രണ്ടാംഭാഗങ്ങളുടെ ഘോഷയാത്രയൊരുക്കി അന്യഭാഷ ചിത്രങ്ങൾ

2022ല്‍ പുറത്തിറങ്ങിയ വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം 2023ല്‍ കമല്‍ഹാസന്‍ ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ 2024ല്‍ താരത്തിന്റെ 2 ചിത്രങ്ങള്‍ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിറാം മനോഹർ| Last Modified ബുധന്‍, 3 ജനുവരി 2024 (17:29 IST)
മലയാളി സിനിമാപ്രേക്ഷകര്‍ മലയാള ചിത്രങ്ങളെ പോലെ തന്നെ അന്യഭാഷ ചിത്രങ്ങളെയും ഇരുകയ്യോടെ സ്വീകരിക്കുന്ന പ്രേക്ഷകരാണ്. വിജയിക്കും അല്ലു അര്‍ജുനുമെല്ലാം കേരളത്തില്‍ ആരാധകര്‍ ഏറെയാണ്. അതിനാല്‍ തന്നെ മലയാളം സിനിമകള്‍ക്കായി കാത്തിരിക്കുന്നത് പോലെ അന്യഭാഷ ചിത്രങ്ങള്‍ക്കായും മലയാളി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. 2024ലെ ഏറ്റവും താത്പര്യപ്പെടുന്ന കാര്യം എന്തെന്നാല്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളാണ് 2024ല്‍ റിലീസിന് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ 2 മുതല്‍ ലിയോ 2 വരെയുള്ള ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

2022ല്‍ പുറത്തിറങ്ങിയ വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം 2023ല്‍ കമല്‍ഹാസന്‍ ചിത്രങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ 2024ല്‍ താരത്തിന്റെ 2 ചിത്രങ്ങള്‍ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28 ലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ലോകേഷ് കനകരാജ് കാര്‍ത്തി ഹിറ്റ് സിനിമയായ കൈതി 2വിന്റെ രണ്ടാംഭാഗവും 2024ല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. വിജയ് ചിത്രം ലിയോയ്ക്ക് ശേഷം നിലവില്‍ രജനീകാന്ത് ചിത്രത്തിന്റെ തിരക്കിലാണ് ലോകേഷ്. എന്നാല്‍ രജനീകാന്ത് ചിത്രം പൂര്‍ത്തിയാക്കിയതും കൈതി 2 ആയിരിക്കും ലോകേഷ് അടുത്തതായി ചെയ്യുക.

അതേസമയം സൂരിയെയും വിജയ് സേതുപതിയേയും നായകരാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈയുടെയും രണ്ടാം ഭാഗം 2024ല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വലിയ വിഭാഗം പ്രേക്ഷകര്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്. അതേസമയം കൊവിഡ് സമയത്ത് ഒടിടി റിലീസായി എത്തി വമ്പന്‍ വിജയം നേടിയ സാര്‍പ്പട്ടൈ പരമ്പരൈ എണ്ണ സിനിമയ്ക്കും 2024ല്‍ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ട്. ഇതും തമിഴ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ്.

വിജയ് ചിത്രമായ ലിയോയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ലോകേഷ് കനകരാജ് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും 2 ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ കയ്യിലുള്ള ലോകേഷ് 2024ല്‍ ലിയോ 2 ഒരുക്കുമോ എന്ന കാര്യം സംശയത്തിലാണ്. എങ്കിലും ചിത്രവുമായി ബന്ധപ്പെട്ട പ്രധാന അപ്‌ഡേറ്റുകള്‍ 2024ല്‍ പുറത്തുവരുമെന്ന് ഉറപ്പാണ്. ഇന്ത്യയെങ്ങും വമ്പന്‍ വിജയമായ അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയുടെയും രണ്ടാം ഭാഗം 2024ല്‍ ഉണ്ടാകും. കൂടാതെ പ്രഭാസ് ചിത്രമായ സലാറിന്റെ രണ്ടാം ഭാഗവും 2024ല്‍ തന്നെ പുറത്തുവന്നേയ്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :