മദ്യലഹരിയിൽ കാറോടിച്ച് ഒരാളെ കൊലപ്പെടുത്തി; മുൻ പോപ്പ് താരത്തിന് എട്ട് വർഷം തടവ്

മദ്യലഹരിയിൽ കാറോടിച്ച് അപകടം, ഡെലിവറി ഏജന്റ് മരിച്ചു; മുൻ പോപ്പ് താരത്തിന് എട്ട് വർഷം തടവ്

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (14:40 IST)
മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മുന്‍ കൊറിയന്‍ പോപ് താരത്തിന് 8 വര്‍ഷം തടവ്. പെൺകുട്ടികളുടെ ​ഗ്രൂപ്പായ ഇൻസ്റ്റാറിലെ അം​ഗമായിരുന്ന അന്‍ യെ സോങ്ങിനെയാണ് കോടതി ശിക്ഷിച്ചത്. മദ്യലഹരിയിൽ താരം ഓടിച്ച മേഴ്സിഡസ് ബെൻസ് എസ് യുവി ഇടിച്ച് 50കാരനായ ഡെലിവറി ഏജന്റ് മരണപ്പെട്ടിരുന്നു. സംഭവം കൊറിയയിൽ ഏറെ വിവാദമായിരുന്നു.

അപകടശേഷം പരിക്കേറ്റയാളെ സഹായിക്കാതെ കടന്നു കളഞ്ഞതിനാല്‍ ആദ്യത്തെ വിചാരണയില്‍ പത്ത് വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. പിന്നീട് കുറ്റം ഏറ്റുപറയുകയും മരിച്ചയാളുടെ കുടുംബവുമായി ധാരണയിൽ എത്തുകയും ചെയ്തതോടെ എട്ട് വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചയാളുടെ ഭാഗത്താണ് തെറ്റുണ്ടായത് എന്ന് വരുത്തിത്തീര്‍ക്കാന്‍ താരത്തിന്റെ ലീഗല്‍ ടീമിന്റെ ഭാഗത്തു നിന്ന് ശ്രമമുണ്ടായി. അതിനാല്‍ 15 വര്‍ഷം ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

24കാരിയായ അന്‍ യെ സോങ് അമിതമായി മദ്യപിച്ചിരുന്നെന്നും നടന്ന സംഭവം ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു എന്നുമാണ് താരത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ലഹരിമുക്തി കേന്ദ്രത്തിൽ പ്രവേശനം നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും താരം ചിന്തിക്കുന്നുണ്ട്. ഡെലവറി ഏജന്റ് സമീപത്തുള്ള ചെറിയ പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം സംഭവിക്കുമായിരുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :