'അഭിനയം എന്നെക്കൊണ്ട് പറ്റില്ല, ഞാന്‍ മോശം നടനാണ്'; സ്വയം പഴിച്ച നിമിഷങ്ങളെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

രേണുക വേണു| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (11:07 IST)

'സെക്കന്റ് ഷോ' സിനിമയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. താരപുത്രന്‍ എന്ന നിലയില്‍ വലിയ സ്വീകാര്യതയാണ് ദുല്‍ഖറിന് ആദ്യ സിനിമ റിലീസ് ചെയ്തതു മുതല്‍ ലഭിച്ചത്. സെക്കന്റ് ഷോ ഷൂട്ടിങ് സമയത്ത് താന്‍ സ്വയം പഴിച്ച സംഭവത്തെ കുറിച്ച് ദുല്‍ഖര്‍ ഈയടുത്ത് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അഭിനയിക്കാന്‍ താന്‍ കൊള്ളില്ലെന്ന് പോലും ആ സമയത്ത് തോന്നിയിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

'സെക്കന്റ് ഷോ ഷൂട്ടിങ് നടക്കുന്ന സമയം. ചുറ്റിലും കുറേ പേര്‍ ഉണ്ടായിരുന്നു. ഷൂട്ടിങ് കാണാന്‍ നില്‍ക്കുന്നവര്‍ വെറുതെ കളിയാക്കുമായിരുന്നു. എന്നെ വഴക്ക് പറയും. ഇതെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഇന്ന ആളുടെ മകനാണ്, ഇവനെ കൊണ്ടൊന്നും പറ്റില്ല എന്നൊക്കെ പറഞ്ഞ് ആളുകള്‍ എന്നെ കളിയാക്കുമായിരുന്നു. എനിക്ക് ടെന്‍ഷന്‍ വന്നു. ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഭയപ്പെടുന്നതായി തോന്നിയ ശ്രീനാഥ് ഒരു സീന്‍ തന്നെ 37, 40 ടേക്കുകള്‍ എടുത്തു. ഞാന്‍ ആകെ വിയര്‍ത്തു കുളിച്ചു. അഭിനയം എന്നെക്കൊണ്ട് പറ്റില്ല, ഞാന്‍ മോശം നടനാണ് എന്നൊക്കെ എനിക്ക് അപ്പോള്‍ തോന്നി. പിന്നീട് ചോദിച്ചപ്പോള്‍ ആണ് എന്റെ പേടി മാറാനാണ് അങ്ങനെ ചെയ്തതെന്ന് ശ്രീനാഥ് പറഞ്ഞു. സെക്കന്റ് ഷോ റിലീസ് ചെയ്ത സമയത്ത് തിയറ്ററില്‍ സിനിമ കാണാന്‍ പോയ അനുഭവവും അത്ര നല്ലതല്ല. ഉസ്താദ് ഹോട്ടല്‍ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു അത്. തിയറ്ററിലും ആള്‍ക്കാര്‍ വെറുതെ ഇരുന്ന് എന്നെ വഴക്ക് പറയുകയും നീ ആരുമായിട്ടില്ല എന്നൊക്കെ പറഞ്ഞ് കളിയാക്കുകയുമായിരുന്നു. അതൊന്നും ഒട്ടും നല്ല എക്സ്പീരിയന്‍സ് അല്ല,' ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :