അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ജൂണ്‍ 2023 (21:18 IST)
ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഒരൊറ്റ ഗാനരംഗത്തിലൂടെ ഇന്ത്യയെങ്ങും തരംഗമായി മാറിയ നായികയാണ് പ്രിയാ വാര്യര്‍. സിനിമയിലെ ഒരു ഗാനരംഗത്തിലെ സൈറ്റ് അടിയാണ് താരത്തെ പ്രശസ്തയാക്കിയത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായ താരം അടുത്തിടെ പേര്‍ളി മാണി ടോക്ക് ഷോയില്‍ വെച്ച് ഈ ഗാനരംഗത്തെ പറ്റിയും സിനിമയെയും പറ്റി മനസ്സ് തുറന്നിരുന്നു. ആ ഗാനരംഗത്തിലെ സൈറ്റ് അടി സ്വന്തം കയ്യില്‍ നിന്നും ഇട്ടതാണെന്ന് പ്രിയാ വാര്യര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഡാര്‍ ലവ് എന്ന സിനിമയുടെ സംവിധായകനായ ഒമര്‍ ലുലു.
അഞ്ച് വര്‍ഷമായില്ലെ കുട്ടി മറന്നതാകുമെന്ന് ഒമര്‍ ലുലു സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് മറ്റൊരു അഭിമുഖത്തില്‍ വെച്ച് ആ ഗാനരംഗത്തിലെ രംഗം സംവിധായകന്റെ നിര്‍ദേശപ്രകാരം ചെയ്തതാണെന്ന് പ്രിയാ വാര്യര്‍ പറയുന്ന ഒരു പഴയ അഭിമുഖവും ഇതിനൊപ്പം സംവിധായകന് പോസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം ആയില്ലെ പാവം കുട്ടി മറന്നതാകും, വല്ല്യചന്ദനാദി ഓര്‍മ്മക്കുറവിന് ബെസ്റ്റാ എന്ന ക്യാപ്ഷനും ഒമര്‍ വീഡിയോയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്.