രേണുക വേണു|
Last Modified വെള്ളി, 12 ഏപ്രില്‍ 2024 (11:04 IST)
Vineeth Sreenivasan and Dhyan Sreenivasan
ധ്യാന്‍ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഇന്നലെ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിലെ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വേണു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അജു വര്‍ഗീസ്, നിവിന്‍ പോളി, ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിനീതും ധ്യാനും ബേസില്‍ ജോസഫും ഒന്നിച്ചുള്ള അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരസ്പരം ട്രോളിയും തമാശകള്‍ പറഞ്ഞും സിനിമ പോലെ തന്നെ വൈറലാക്കി അഭിമുഖങ്ങളെല്ലാം. ഇപ്പോള്‍ ഇതാ റിലീസിനു ശേഷമുള്ള സ്‌പെഷ്യല്‍ സ്‌ക്രീനിങ് കഴിഞ്ഞപ്പോഴും ചേട്ടന്‍ വിനീത് ശ്രീനിവാസനെ ട്രോളാന്‍ ധ്യാന്‍ മറന്നില്ല.
സ്‌പെഷ്യല്‍ സ്‌ക്രീനിങ് വയ്ക്കാന്‍ ധ്യാന്‍ പറഞ്ഞപ്പോള്‍ തനിക്ക് വേണ്ട എന്ന നിലപാടായിരുന്നെന്ന് വിനീത് പറഞ്ഞു. അതുകേട്ട ഉടന്‍ വിനീതിനെ ട്രോളി ധ്യാന്‍ എത്തി, ' ഇതുപോലെ തന്നെയായിരുന്നു പ്രൊമോഷന്റെ കാര്യത്തിലും. ഇന്റര്‍വ്യു ഒന്നും വേണ്ട, പ്രമോഷനില്‍ വിശ്വാസമില്ല എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇന്റര്‍വ്യുന് പോകണ്ട എന്നൊക്കെ പറഞ്ഞിരുന്നു. എന്നിട്ട് അവസാനം 53 ഇന്റര്‍വ്യു കൊടുത്തു. റെക്കോര്‍ഡാണ്...! ഇന്റര്‍വ്യു കൊടുക്കാന്‍ ബോംബെ വരെ പോയി,' ധ്യാന്‍ പറഞ്ഞു.