Dhanush: 'കസ്തൂരിരാജയുടെ മകന് ഇത്രയ്ക്ക് കഷ്ടപ്പാടായിരുന്നോ?': കുട്ടിക്കാലത്തെ ഇഡ്ഡലി കഥ പറഞ്ഞ ധനുഷിന് ട്രോൾ

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (10:19 IST)
നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ഉടൻ തന്നെ സിനിമയുടെ റിലീസ് ഉണ്ടാകും. അതിന്റെ മുന്നോടിയായി നടത്തിയ ഓഡിയോ ലോഞ്ചിൽ നടൻ ധനുഷ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ സിനിമയ്ക്ക് എന്തുകൊണ്ടാണ് താൻ ഇഡ്ഡലി കടൈ എന്ന് പേരിട്ടതെന്ന് വ്യക്തമാക്കിയ ധനുഷിന് സോഷ്യൽ മീഡിയയിൽ നിന്നും ട്രോളുകൾ വരുന്നു.

കുട്ടിക്കാലത്ത് തനിക്ക് ഇഡ്ഡലി വളരെ ഇഷ്ടമായിരുന്നു എന്നും എന്നാൽ അത് കഴിക്കാൻ താൻ വളരെ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ധനുഷ് പറഞ്ഞതാണ് ട്രോളുകൾക്ക് ഇരയായിരിക്കുന്നത്.

'കുട്ടിക്കാലത്ത് എനിക്ക് ദിവസവും ഇഡ്ഡലി കഴിക്കാന്‍ വലിയ കൊതിയായിരുന്നു. പക്ഷേ അത് വാങ്ങാന്‍ പൈസയില്ലായിരുന്നു. അതുകൊണ്ട് അയല്‍പക്കങ്ങളില്‍ നിന്ന് പൂക്കള്‍ ശേഖരിക്കും. ഓരോ ദിവസവും ഞങ്ങള്‍ ശേഖരിക്കുന്ന പൂക്കളുടെ അളവ് അനുസരിച്ചായിരുന്നു ഞങ്ങള്‍ക്ക് പണം കിട്ടിയിരുന്നത്. ഞാനും എന്റെ സഹോദരിയും മറ്റും പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറിലധികം പൂക്കള്‍ ശേഖരിക്കും. രണ്ടുരൂപയിലേറെയായിരുന്നു ഇതിന് ഞങ്ങള്‍ക്ക് കിട്ടിയത്. അതിനുശേഷം, ഞങ്ങള്‍ അടുത്തുള്ള ഒരു പമ്പ് സെറ്റില്‍ പോയി കുളിച്ച്, ഒരു തോര്‍ത്ത് മാത്രം ഉടുത്ത് പ്രധാന റോഡിലൂടെ നടക്കും.

ആ പണത്തിന് ഞങ്ങള്‍ക്ക് നാലോ അഞ്ചോ ഇഡ്ഡലി കിട്ടും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിക്കും രുചിക്കും മുകളില്‍ മറ്റൊന്നുമില്ല. എന്റെ കുട്ടിക്കാലത്ത് കിട്ടിയിരുന്ന ആ സന്തോഷവും രുചിയും ഇന്നത്തെ റെസ്റ്റോറന്റുകളിലെ ഭക്ഷണത്തില്‍നിന്ന് എനിക്ക് കിട്ടുന്നില്ല', എന്നാണ് ധനുഷിന്റെ വാക്കുകൾ.

തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ കസ്തൂരി രാജയുടെ മകനായ ധനുഷിന് ഒരു ഇഡ്ഡലി കഴിക്കാനായി ഇത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും ചോദിക്കുന്നത്. ഇനി തന്റെ മകനെന്ന് പറഞ്ഞ് വാർദ്ധക്യത്തിലെത്തിയ രണ്ട് പേര് രംഗത്ത്‌വന്നത് സത്യമാണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്. തന്റെ പുതിയ സിനിമയായ ഇഡ്‌ലി കടൈയുടെ പ്രൊമോഷന് വേണ്ടിയാണ് ധനുഷ് ഇങ്ങനെ സംസാരിച്ചതെന്നും ഇതൊന്നും യാഥാർഥ്യമല്ല എന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ ഉന്നയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :