ഡെന്നീസ് ഇല്ലെങ്കില്‍ മമ്മൂട്ടിയില്ല; അരങ്ങൊഴിഞ്ഞ് കിങ് മേക്കര്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 11 മെയ് 2021 (09:58 IST)

മമ്മൂട്ടിയുടെ സിനിമാ ജീവിതം ഡെന്നീസ് ജോസഫ് എന്ന പേരിനൊപ്പം ചേര്‍ന്നാലേ പൂര്‍ണമാകൂ. ഉയര്‍ച്ചയിലും താഴ്ചയിലും മമ്മൂട്ടിക്കൊപ്പം നിന്ന തിരക്കഥാകൃത്തും സംവിധായകനുമാണ് ഡെന്നീസ്. മാത്രമല്ല, മമ്മൂട്ടിക്ക് ഉയരങ്ങളിലേക്ക് പറക്കാന്‍ തുടര്‍ച്ചയായി തൂലിക ചലിപ്പിച്ച ഹിറ്റ് മേക്കര്‍ കൂടിയാണ് അദ്ദേഹം.

തുടര്‍ പരാജയങ്ങളില്‍ നിരാശനായ മമ്മൂട്ടിക്ക് രക്ഷകനായി അവതരിച്ചത് ഡെന്നീസ് ജോസഫാണ്. ശ്യാമയും നിറക്കൂട്ടും പോലെ മറ്റൊരു വിജയചിത്രം മമ്മൂട്ടിക്ക് സമ്മാനിക്കുകയെന്ന ലക്ഷ്യം മാത്രമേ ഡെന്നീസിന് ഉണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് 1987 ല്‍ ന്യൂഡല്‍ഹിയുടെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. പിന്നെ സംഭവിച്ചതെല്ലാം ചരിത്രം.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു ക്ലാസിക് എന്നാണ് ന്യൂഡല്‍ഹിക്ക് ലഭിച്ച വിശേഷണം. ഡെന്നീസ് തന്റെ തൂലികയില്‍ ജീവന്‍ നല്‍കിയ ജി.കൃഷ്ണമൂര്‍ത്തിയെന്ന കഥാപാത്രമായി മമ്മൂട്ടി ജീവിച്ചു. സത്യജിത് റായ് വരെ അഭിനന്ദിച്ച സിനിമ. മലയാളത്തിനുമപ്പുറം ന്യൂഡല്‍ഹിയുടെ ഖ്യാതി പരന്നു. സിനിമയുടെ അവകാശം തേടി രജനികാന്ത് കേരളത്തിലെത്തി. സിനിമ കരിയറിനു ഫുള്‍സ്റ്റോപ്പ് ഇടേണ്ടിവരുമോ എന്ന് വിഷമിച്ചു നിന്നിരുന്ന മമ്മൂട്ടി ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുപൊങ്ങി. പിന്നീടങ്ങോട്ട് മലയാള സിനിമയുടെ വല്യേട്ടനായി മമ്മൂട്ടി താരസിംഹാസനത്തിലുണ്ട്. അതിനു കാരണക്കാരനായത് ഡെന്നീസും.

ന്യൂഡല്‍ഹിക്ക് ശേഷവും ഡെന്നീസ്-മമ്മൂട്ടി കൂട്ടുക്കെട്ടില്‍ ഹിറ്റുകള്‍ പിറന്നു. സംഘം, മനു അങ്കിള്‍, ദിനരാത്രങ്ങള്‍, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിന്നെയും പിറന്നു. മമ്മൂട്ടിയുടെ ഹീറോയിസം എങ്ങനെ ഉപയോഗിക്കണമെന്ന് ഡെന്നീസ് ജോസഫിന് കൃത്യമായി അറിയാമായിരുന്നു. മോഹന്‍ലാലിന് സൂപ്പര്‍താരപരിവേഷം നല്‍കിയ രാജാവിന്റെ മകന്‍ പോലും മമ്മൂട്ടിയെ കണ്ടാണ് ഡെന്നീസ് ജോസഫ് എഴുതിയത്.

ഡെന്നീസ് ജോസഫിന്റെ ഓര്‍മ, മമ്മൂട്ടി കുറിച്ചത് ഇങ്ങനെ

"ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും. നിത്യശാന്തി നേരുന്നു"




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :