കബാലിയുടെ റിലീസ് അടുത്തു; പാലഭിഷേകത്തിനെതിരെ സ്റ്റൈല്‍ മന്നന്‍ ഇടപെടണമെന്ന് ക്ഷീര കര്‍ഷകസംഘം

കബാലിയ്ക്ക് പാലഭിഷേകം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷീരകര്‍ഷകര്‍ സ്റ്റൈല്‍ മന്നനെ കാണുന്നു

ചെന്നൈ| priyanka| Last Modified തിങ്കള്‍, 18 ജൂലൈ 2016 (10:33 IST)
തമിഴ് സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്താല്‍ ആരാധകര്‍ പാല്‍ചായ കുടിച്ചില്ലെങ്കിലും താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പാലഭിഷേകം നടത്തുന്നത് സ്ഥിരം കലാപരിപാടിയാണ്. ലിറ്ററു കണക്കിന് പാലാണ് ഫ്‌ളക്‌സുകളിലും പ്രതിമകളിലും ഇത്തരത്തില്‍ ഒഴുക്കിക്കളഞ്ഞ് പാഴാക്കുന്നത്. ആരാധകര്‍ക്ക് ഇതെല്ലാം സന്തോഷവും ആവേശവും നല്‍കുന്നുണ്ടെങ്കില്‍ ഇതൊക്കെ കണ്ട് വേദനിക്കുന്ന ചിലരുണ്ട്. രജനികാന്തിന്റെ പുതിയ ചിത്രം കബാലിയുടെ റിലീസ് ദിനം അടുക്കുമ്പോള്‍ നടക്കാന്‍ പോകുന്ന പാലഭിഷേകം മുന്നില്‍ കണ്ട് ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ക്ഷീര കര്‍ഷകരുടെ സംഘടനയായ മില്‍ക്ക് ഡീലേഴ്‌സ് എംപ്ലോയീസ് അസോസിയേഷന്‍.

ജുലൈ 22നാണ് കബാലി റിലീസ് ചെയ്യുന്നത്. റിലീസ് ദിവസം പല കലാപരിപാടികള്‍ക്കൊപ്പം സ്വഭാവികമായും പാലഭിഷേകവും നടക്കുമെന്ന കാര്യം ഉറപ്പാണ്. അതിനാല്‍ ഇത് തടയാന്‍ ആവശ്യപ്പെട്ട് രജനികാന്തിനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് സംഘടന. പാലഭിഷേകത്തിന് പകരം രക്തനദാനം നടത്താന്‍ ആരാധകരോട് നിര്‍ദേശിക്കണമെന്നാണ് ഇവരുടെ ആവശ്യം. നേരത്തേ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ പാല്‍ മോഷണം വ്യാപകമാണെന്നും സംഘടന ആരോപിക്കുന്നു.

പുലര്‍ച്ചെ പാല്‍ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ നിന്നുമാണ് ഇത്തരത്തില്‍ മോഷണം നടക്കുന്നത്. രാവും പകലുമില്ലാതെ വെയിലും മഴയും കൊണ്ട് വീടുകളില്‍ പാല്‍ പാക്കറ്റ് എത്തിക്കുന്ന ഒന്നരലക്ഷം വിതരണക്കാര്‍ സംഘടനയിലുണ്ടെന്ന് സംഘടന പറയന്നു. എന്നാല്‍ റിലീസ് ദിനം പാലഭിഷേകം മുടക്കില്ലെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള രജനി ഫാന്‍ അംഗങ്ങള്‍ വ്യക്തമാക്കുന്നത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :