കങ്കണ, ശിവസേന പോര് മുറുകുന്നു: കങ്കണയുടെ കെട്ടിടം പൊളിച്ചുനീക്കുമെന്ന് മുംബൈ കോർപ്പറേഷൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (14:41 IST)
ബോളിവുഡ് നടി റണാവത്തും മഹാരാഷ്ട്ര സർക്കാറും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. മുംബൈ ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടം നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് ആരോപിച്ച് മുംബൈ കോർപ്പറേഷൻ നോട്ടീസ് നൽകി. 24 മണിക്കൂറിനകം
മറുപടി നൽകിയില്ലെങ്കിൽ കെട്ടിടം പൊളിച്ചുമാറ്റുമെന്നാണ് മുന്നറിയിപ്പ്.

കങ്കണയുടെ ഘാർവെസ്റ്റിലെ ഓഫീസ്‌ കെട്ടിടത്തിൽ അനുമതിയില്ലാതെ ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിര്‍മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതായി നോട്ടീസിൽ പറയുന്നു. ഈ നിർമാണങ്ങൾക്ക് അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനയിൽ മുംബൈയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കശ്മീര്‍ പോലെയാണ് മുംബൈ എന്നും കങ്കണ അഭിപ്രായപ്പെട്ടിരുന്നു. കങ്കണയുടെ പ്രസ്‌താവനക്കെതിരെ നേതാവ് സഞ്ജയ് റാവത്ത് കൂടി രംഗത്തെത്തിയതോടെയാണ് കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :