നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 4 നവംബര്‍ 2025 (12:36 IST)
മലയാളികളുടെ പ്രിയങ്കരിയാണ് ഭാവന. ഭാവനയുടെ കുറുമ്പും സംസാരവുമെല്ലാം മലയാളികൾക്ക് ഇഷ്ടമാണ്. വ്യക്തിജീവിതത്തിൽ ഏറെ പ്രതിസന്ധികൾ ഭാവനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നടി ഇന്ന് മലയാളത്തിൽ സജീവമാണ്. സിനിമയിൽ ഭാവനയ്ക്ക് നിരവധി സൗഹൃദങ്ങൾ ഉണ്ട്. മഞ്ജു വാര്യർ, രമ്യ നമ്പീശൻ തുടങ്ങിയവരെല്ലാം ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ്.
തന്റെ സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഭാവനയിപ്പോൾ. ഗൾഫ് ട്രീറ്റിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. തനിക്ക് ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടെന്നും തനിക്കൊരു ആവശ്യം വന്നാൽ അവരെല്ലാം തന്റെ കൂടെ കാണുമെന്നും ഭാവന പറയുന്നു.
'സൗഹൃദത്തിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടയാളാണ്. കുറച്ച് നല്ല ഫ്രണ്ട്സുണ്ട്. ഷനീം, ശിൽപ്പ, സയനോര, രമ്യ, മഞ്ജു ചേച്ചി, സംയുക്ത ചേച്ചി, മൃദുല, ഗീതു ചേച്ചി എന്നിവരെല്ലാം നല്ല ഫ്രണ്ട്സാണ്. ഒരു മാസം സംസാരിച്ചില്ലെങ്കിൽ എനിക്ക് വേണ്ടി അവരുണ്ടാമെന്ന് എനിക്കറിയാം. അവർക്കും അറിയാം.
പക്ഷെ എന്തെങ്കിലും വിഷമം വന്നാൽ ഞാൻ ആരെയും വിളിക്കില്ല. പ്രശ്നം വന്നാൽ ഞാൻ അങ്ങനെയേ ഒരു ഷെല്ലിനകത്തേക്ക് പോകും. എന്തെങ്കിലും കുഴപ്പമുണ്ടോ, ആർ യു ഓക്കെ എന്ന് ഫ്രണ്ട്സ് ചോദിക്കും. ഞാനങ്ങനെയാണെന്ന് ഇപ്പോൾ അവർക്കറിയാം. ഇപ്പോൾ ഞാനിങ്ങനെ ആയതാണോ മുമ്പും ഇങ്ങനെയായിരുന്നോ എന്നൊന്നും എനിക്ക് ഓർമയില്ല.
ചിലപ്പോൾ വാട്സ് ആപ്പ് ഉണ്ടാകില്ല. റീച്ചബിൾ ആയിരിക്കില്ല. പ്രശ്നത്തിൽ നിന്ന് പുറത്ത് വന്ന് ചിലപ്പോൾ പറയും. സോഷ്യൽമീഡിയയിൽ ആദ്യം എനിക്കൊരു പ്രെെവറ്റ് അക്കൗണ്ടായിരുന്നു ഉള്ളത്. കുറേ ഫേക്ക് ന്യൂസുകൾ വരും. ഡിവോഴ്സ് ആകാൻ പോകുകയാണ്, ഡിവോഴ്സ് ആയി എന്നെല്ലാം. ഒരു ഒഫീഷ്യൽ അക്കൗണ്ട് വെക്കൂ, ആക്ടീവ് പോലുമാകേണ്ട വ്യാജ വാർത്തയിൽ വ്യക്തത വരുത്താം എന്ന് എന്നോട് ഒരുപാട് പേർ പറഞ്ഞു. അങ്ങനെയാണ് ഞാൻ ഇൻസ്റ്റയിൽ ജോയിൻ ചെയ്തത്. ചില സമയത്ത് ഭയങ്കര ആക്ടീവ് ആയിരിക്കും. ചിലപ്പോൾ ഒന്നുമുണ്ടാകില്ല. കമന്റുകൾ ഇടയ്ക്ക് നോക്കാറുണ്ട്', ഭാവന പറയുന്നു.