കെ ആര് അനൂപ്|
Last Modified വ്യാഴം, 30 നവംബര്‍ 2023 (11:13 IST)
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടനാണ് ഭഗത്. കൂടുതലും സഹനടനായാണ് മലയാള സിനിമയില്‍ കണ്ടിട്ടുള്ളത്. തന്റെ ജീവിതത്തില്‍ മാനസികമായി തകര്‍ന്നുപോയ നിമിഷത്തെക്കുറിച്ച് പറയുകയാണ് ഭഗത്. പ്രതീക്ഷിക്കാത്ത സമയത്താണ് ഡിവോഴ്സ് സംഭവിക്കുന്നതെന്നും മാനസികമായി ഒരുപാട് തകര്‍ന്നുപോയ സമയമായിരുന്നു അതെന്നും നടന് പറയുന്നു.
'എന്റെ ആദ്യ ജീവിതത്തിലെ ഡിവോഴ്സ് സംഭവിക്കുന്നത് ഞാന്‍ പോലും പ്രതീക്ഷിക്കാത്ത സമയത്താണ്. മാനസികമായി ഒരുപാട് തകര്‍ന്നുപോയ സമയം ആയിരുന്നു അത്. സാമ്പത്തികമായും തകര്‍ന്നപ്പോള്‍ ഒരുപാട് പടങ്ങള്‍ ചെയ്യേണ്ടി വന്നു. ആ സമയത്ത് കുറെ പൈസയും കൈയ്യില്‍ വന്നു, അന്ന് കൂടെ ആരും ഇല്ലാത്ത സമയം ആണ്. ആരെക്കുറിച്ചും ചിന്തിക്കാന്‍ പറ്റാത്ത സമയം വന്നതോടെ എന്തും ആകാം എന്നായി.മദ്യപിക്കാത്ത ആളായിരുന്നു ഞാന്‍, എന്നാല്‍ ആ സമയത്ത് ഞാന്‍ കള്ളുകുടിയനായി. ഇപ്പോള്‍ തമ്പുരാന്റെ കൃപ കൊണ്ട് ഞാന്‍ മൂന്നുവര്‍ഷമായി കുടി നിര്‍ത്തി. അപ്പനും അമ്മയും പകര്‍ന്നുതന്ന ചില മോറല്‍ സൈഡ് കൂടി കൊണ്ട് പോയാല്‍ ചിലപ്പോള്‍ നമ്മളെ പലരും ചേര്‍ത്തുപിടിക്കും എന്ന് മനസിലാക്കി',-ഭഗത് പറഞ്ഞു.
2012ലായിരുന്നു ഭഗത് ഡാലിയയെ വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വിവാഹമോചിതരായി. 2019 ല്‍ ഷെലിന് ജേക്കബിനെ വിവാഹം ചെയ്തു.സ്റ്റീവ്, ജോവാന് എന്നീ രണ്ട് മക്കളുണ്ട് ഭഗതിന്.