അഭിറാം മനോഹർ|
Last Modified വെള്ളി, 12 ഏപ്രില്‍ 2024 (17:59 IST)
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്‍ സിനിമ റിലീസിന് മുന്‍പ് സ്റ്റാര്‍ കാസ്റ്റ് കൊണ്ട് ഹൈപ്പുണ്ടാക്കിയ സിനിമയായിരുന്നെങ്കിലും ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും പാട്ടുകളും വലിയ ഓളം ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ടീം നല്‍കിയ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയെ തന്നെ പിടിച്ചുകുലുക്കുന്നതായിരുന്നു. പ്രധാനമായും ധ്യാന്‍ ശ്രീനിവാസനും ബേസില്‍ ജോസഫും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് സിനിമയ്ക്ക് വലിയ ഹൈപ്പുണ്ടാക്കിയത്.
സിനിമ റിലീസായതോടെ മികച്ച പ്രതികരണമാണ് ധ്യാന്‍ ശ്രീനിവാസന്റെ അഭിനയത്തിന് ലഭിക്കുന്നത്. ഇതോടെ തന്റെ അഭിനയം കണ്ട് അസൂയ മൂത്ത് ബേസില്‍ തൃശൂരില്‍ ഏതോ ബാറിലിരുന്ന് മദ്യപിക്കുകയാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബേസില്‍ ബാറിലല്ലെന്നും വേറെ ലെവല്‍ ചര്‍ച്ചകളിലാണ് മച്ചാനെന്നും പറഞ്ഞ് ധ്യാനിന് മറുപടി നല്‍കിയിരിക്കുകയാണ് എഴുത്തുകാരനായ ബെന്യാമിന്‍. ബേസിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബെന്യാമിന്റെ പ്രതികരണം. ബേസിലിനും ബെന്യാമിനുമൊപ്പം എഴുത്തുക്കാരനായ ജി ആര്‍ ഇന്ദുഗോപനും ചിത്രത്തിലുണ്ട്.
മിന്നല്‍ മുരളി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ബേസില്‍ ഇതുവരെ സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല. അതിനാല്‍ സംവിധായകനായി പുതിയ സിനിമയ്ക്കുള്ള പണിപ്പുരയിലാണ് ബേസിലെന്ന സൂചനയാണ് ഈ ചിത്രം നൽകുന്നത്.