അഭിറാം മനോഹർ|
Last Modified ശനി, 12 ഒക്‌ടോബര്‍ 2024 (16:35 IST)
മലയാളികള്‍ ട്രോള്‍ ചെയ്യുന്ന സൂപ്പര്‍ താരമാണെങ്കിലും തെലുങ്ക് പ്രേക്ഷകര്‍ക്ക് വലിയ ആവേശമാണ് നന്ദമൂരി ബാലകൃഷ്ണയെന്ന ബാലയ്യ. അടുത്തിടെ ബാലയ്യ ചെയ്ത സിനിമകളെല്ലാം വമ്പന്‍ വിജയങ്ങളായിരുന്നു. മലയാളത്തില്‍ വലിയ വിജയമായി മാറിയ ആവേശത്തിന്റെ തെലുങ്ക് പതിപ്പില്‍ ബാലയ്യ നായകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആവേശത്തിന്റെ തെലുങ്ക് റീമേയ്ക്കിലാവില്ല താരം അഭിനയിക്കുന്നത്.
ആവേശത്തിന് പകരം ഒരു സൂപ്പര്‍ ഹീറോ സിനിമയാകും ബാലയ്യ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ സംവിധായകന്‍ ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ബാലയ്യ നിലവില്‍ അഭിനയിക്കുന്നത്. ഈ സിനിമയിലാണോ അതോ അതിന് ശേഷമുള്ള സിനിമയിലാണോ ബാലയ്യ സൂപ്പര്‍ ഹീറോയാവുക എന്നത് വ്യക്തമായിട്ടില്ല. 2025 സംക്രാന്തിക്കായിരിക്കും ബാലയ്യയുടെ സിനിമ റിലീസാകുക. എന്തായാലും ഈ മാസം തന്നെ ബാലയ്യയുടെ സൂപ്പര്‍ ഹീറോ സിനിമയുടെ അപ്‌ഡേറ്റ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.